തിരുവനന്തപുരം: സ്ത്രീപീഡന കേസിൽ നിന്നും എൻസിപി നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും സർക്കാരുമെന്ന് അവർ തെളിയിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ശശീന്ദ്രൻ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം. മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്ന പെൺകുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെൺകുട്ടിയെ എൻസിപി നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച പരാതി പിൻവലിക്കാൻ മന്ത്രി സംസാരിച്ചിട്ടും അത് എൻസിപി അന്വേഷിക്കട്ടെ എന്ന സിപിഎം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
മുമ്പ് പാർട്ടിയിലെ പല പീഡനങ്ങളും സിപിഎം ഒതുക്കിതീർത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്. എൻസിപി അന്വേഷിക്കാനാണെങ്കിൽ പിന്നെ പൊലീസും കോടതിയുമെല്ലാം എന്തിനാണ്? ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സെൽഭരണം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സർക്കാർ. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവർത്തിക്കുകയാണ്. ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് പാർട്ടിയും പോഷക സംഘടനകളും നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.