
മനാമ: ഹിജ്റ 1447ലെ ആശുറ അനുസ്മരണത്തിനായുള്ള ബഹ്റൈന്റെ ആരോഗ്യ തയ്യാറെടുപ്പിന്റെ ഭാഗമായി മനാമയില്‍ ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക് ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് യൂസഫ് ബിന്‍ സാലിഹ് അല്‍ സാലിഹ്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സി.ഇ.ഒ. ഇജ്ലാല്‍ ഫൈസല്‍ അല്‍ അലവി, കാപിറ്റല്‍ ഗവര്‍ണറേറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന് അബ്ദുല്ല മദനി എന്നിവര്‍ പങ്കെടുത്തു.
ആശുറ ആചരണത്തിന്റെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും വിഭവങ്ങളും നല്‍കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ളതും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ നല്കാന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കിടയില്‍ നേരത്തെയുള്ള തയ്യാറെടുപ്പും ഫലപ്രദമായ ഏകോപനവും ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ആരോഗ്യ ചട്ടക്കൂടിനുള്ളിലാണ് ഇമാം ഹുസൈന് മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനമെന്ന് മന്ത്രി പറഞ്ഞു.
ആശുറ ആചരണ സമയത്ത് സന്ദര്‍ശകര്‍ക്ക് സേവനം നല്കാന് ക്ലിനിക്കിലെ ജീവനക്കാര്‍ പൂര്‍ണ്ണമായും സജ്ജരാണെന്നും അവര്‍ പറഞ്ഞു.
