പണമടയ്ക്കാതെ മുങ്ങിയ ക്ലയന്റിൽ നിന്ന് 109,500 ഡോളർ (ഏകദേശം 90 ലക്ഷം രൂപ) വീണ്ടെടുക്കാൻ ചാറ്റ്ജിപിടി സഹായിച്ച അനുഭവം പങ്കുവച്ച് ഒരു സിഇഒ. ഒരു അഭിഭാഷകനെ നിയമിക്കാതെയും ഒരു രൂപ പോലും ചെലവഴിക്കാതെയും അവർ അവകാശപ്പെട്ട പണം വീണ്ടെടുക്കാൻ ചാറ്റ് ജിപിടി എങ്ങനെ സഹായിച്ചു എന്നതിന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡിസൈൻ ഏജൻസിയായ ലേറ്റ് ചെക്കൗട്ടിന്റെ സിഇഒ ഗ്രെഗ് ഐസൻബർഗ്.
“നിങ്ങൾ ചെയ്ത ഏറ്റവും മികച്ച വർക്കിന് ഒരു ശതകോടീശ്വരൻ ക്ലയന്റിൽ നിന്ന് പ്രതിഫലം ലഭിച്ചില്ലെന്ന് സങ്കൽപ്പിക്കുക. അത്തരം സാഹചര്യങ്ങളിൽ മിക്ക ആളുകളും അഭിഭാഷകരുടെ അടുത്തേക്ക് പോകും. എന്നാൽ ഞാൻ പോയത് ചാറ്റ് ജിപിടിയുടെ അടുത്തേക്കായിരുന്നു. ഫീസായി ഒരു രൂപ പോലും ചെലവഴിക്കാതെ ഞാൻ എങ്ങനെ 109,500 ഡോളർ വീണ്ടെടുത്തു എന്നതിന്റെ കഥ” ഐസൻബർഗ് ട്വിറ്ററിൽ കുറിച്ചു.
ക്ലയന്റിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഒരു ‘ഭയാനകമായ ഇമെയിൽ’ തയ്യാറാക്കാൻ ചാറ്റ്ജിപിടി എങ്ങനെ സഹായിച്ചുവെന്ന് വിശദീകരിക്കാൻ, അദ്ദേഹം നിരവധി ട്വീറ്റുകൾ പങ്കിട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ ” ഒരു പ്രമുഖ ബ്രാൻഡിന് വേണ്ടി കഴിഞ്ഞ വർഷമാണ് ഞങ്ങളുടെ കമ്പനി ഡിസൈൻ വർക്കുകൾ ചെയ്ത് കൊടുത്തത്. ഞങ്ങളുടെ ജോലി അവർക്ക് ഇഷട്ടപ്പെട്ടത്തോടെ അവർ കൂടുതൽ വർക്കുകൾ ഞങ്ങൾക്ക് തന്നു, എല്ലാ വർക്കുകളും ഞങ്ങൾ പതിവിലും ഗംഭീരമായി ചെയ്ത് കൊടുക്കുകയും ചെയ്തു. എന്നാൽ ഇവർ പിന്നീട് ഞങ്ങൾക്ക് പണം നൽകാതെ മുങ്ങുകയായിരുന്നു. ഇതുവരെ പെയ്മെന്റിന്റേ കാര്യത്തിൽ ഞങ്ങളെ ആരും പറ്റിച്ചിട്ടില്ലായിരുന്നു, അതോടെ ഈ സംഭവം എന്റെ ടീമിന്റെ മനോവീര്യം കെടുത്തി. അങ്ങനെ ഞങ്ങളുടെ ഫിനാൻസ് ആൻഡ് ഓപ്പറേഷൻസ് ടീം എന്നോട് ഇടപെടാൻ ആവശ്യപ്പെട്ടു. യാതൊരു പ്രതികരണവും ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു സാധാരണ ഇമെയിൽ അയക്കുന്നതിലോ, അല്ലെങ്കിൽ ഒരു അഭിഭാഷകനെ നിയമിക്കുന്നതിനോ പകരം മറ്റെന്തെങ്കിലും ചെയ്ത് കൂടെ. അങ്ങനെ എന്റെ ഉള്ളിൽ ഒരു ബുദ്ധി ഉദിച്ചു. അയാളുടെ ശ്രദ്ധ ക്ഷണിക്കാനായി കുറച്ചുകൂടി ഭയപ്പെടുത്തുന്ന ഇമെയിൽ ഡ്രാഫ്റ്റ് ചെയ്യാൻ എന്തുകൊണ്ട് ചാറ്റ്ജി.പി.ടിയെ ആശ്രയിച്ചുകൂടാ?”
അതിനായി ഓപൺ എ.ഐയുടെ വൈറൽ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് നൽകിയ ഇൻപുട്ടുകളും അതിനെ അടിസ്ഥാനമാക്കി ബോട്ട് നൽകിയ മെയിലും എല്ലാം തന്നെ അദ്ദേഹം ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. അദ്ദേഹം ട്വിറ്ററിലൂടെ ചാറ്റ് ജിപിടിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.