
കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തെ തുടർന്ന് അതീവ ജാഗ്രത. ഏറ്റുമുട്ടലിനെ സാമുദായിക സംഘർഷമാക്കി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്ട്രേഷൻ പൂർത്തീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ രണ്ട് മാസത്തേക്ക് വിലക്കേർപ്പെടുത്തി. ഓൺലൈൻ വാർത്താ പോർട്ടലുകളെയാണ് വിലക്കിയിരിക്കുന്നത്.
കിഷ്ത്വാർ ജില്ലയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകളുടെയും, മാധ്യമ സ്ഥാപനങ്ങളുടെയും, സോഷ്യൽ മീഡിയ വാർത്താ ഹാൻഡിലുകളുടെയും ലിസ്റ്റ് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കിഷ്ത്വാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. വിലക്ക് ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.
കാട്ടിൽ നിന്ന് തടി കൊണ്ടുവരികയായിരുന്ന സംഘത്തിൻ്റെ പക്കൽ നിന്നും ഒരു തടി മദ്രസയ്ക്ക് സമീപം വീണതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്പരമുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും നിരവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ ബിഎൻഎസ് 125, 125(എ), 191(2) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവാവ് നവമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. സാമുദായിക കലാപത്തിനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ബിഎൻഎസ് 353 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


