മനാമ: കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തിന്റെ ഭാഗമായുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി ബഹ്റൈൻ സർക്കാർ കൂടുതൽ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേർന്ന ഓണ്‍ലൈൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബഹ്റൈൻ പൗരന്മാരുടെ ആദ്യ പാർപ്പിടങ്ങൾക്ക് മൂന്ന് മാസത്തേക്ക് കൂടി വൈദ്യുതി, വെള്ളം, മുനിസിപ്പൽ ഫീസ് ഒഴിവാക്കാൻ തീരുമാനിച്ചു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇളവ് അനുവദിക്കുന്നത്. കോവിഡിനെ തുടർന്ന് ഏപ്രിൽ മുതലാണ് ജല വൈദ്യുത ഇളവുകൾ പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലം ഈ ഇളവ് വിദേശികൾക്കും അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തുള്ള ബില്ലാണ് ഇളവിന് പരിഗണിക്കുക.
കൂടാതെ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൗരന്മാരിൽ നിന്നുള്ള വായ്പാ തവണകൾ ഈ വർഷം അവസാനം വരെ നീട്ടിവെക്കണമെന്നും മന്ത്രിസഭ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനിന് നിർദേശം നൽകി. ഖുറാൻ മെമ്മറൈസേഷൻ സെന്ററുകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കുള്ള പേയ്മെന്റുകൾ വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ഭവന ഗഡുക്കൾ, സ്വകാര്യ മേഖലയിലെ ബഹ്റൈൻ പൗരന്മാരുടെ ശമ്പളം, ടെലി വർക്കിംഗ് പ്രയോഗിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.
ബഹ്റൈനും ഇസ്രായേലും തമ്മിൽ സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നടത്തിയ ചരിത്രപരമായ നടപടിയെ മന്ത്രിസഭ പ്രശംസിച്ചു. ഇത് മേഖലയുടെ സമാധാനത്തിന് ഗുണകരമാകുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും പ്രാദേശിക സ്ഥിരത വർദ്ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ന് വിദേശകാര്യ മന്ത്രി അബ്ദുള്ള ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇസ്രയേലുമായുള്ള സമാധാന കരാറിൽ ഒപ്പുവയ്ക്കും. ഇതിനായി അദ്ദേഹം അമേരിക്കയിൽ എത്തിയിട്ടുണ്ട്. യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് കരാറിൽ ഒപ്പുവയ്ക്കുക.