
മനാമ: യെമന്‍ ഒഴികെയുള്ള അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ചിനെ 85ാം വാര്‍ഷികത്തില്‍ ‘യേശുവിന്റെ തിരുഹൃദയത്തിന്റെ വികാരിയല്‍ ദേവാലയം’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുമെന്ന് ചര്‍ച്ച് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ സന്ദര്‍ഭത്തെ അനുസ്മരിക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ 2025 നവംബര്‍ 8ന് വടക്കന്‍ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെരാര്‍ഡി ഒ.എസ്.എസ്.ടി. അര്‍പ്പിക്കും.
1939ല്‍ ബഹ്റൈനിലെ അമീറും ഇന്നത്തെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മുത്തച്ഛനുമായ ഷെയ്ഖ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഒരു കത്തോലിക്കാ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയതോടെയാണ് പള്ളിയുടെ ഉത്ഭവം. മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സംഭാഷണത്തിന്റെയും പ്രതീകമായി ഇത് തുടരുന്നു.
ഇതിനെത്തെത്തുടര്‍ന്ന്, കപ്പൂച്ചിന്‍ ബിഷപ്പും അറേബ്യയിലെ അപ്പസ്തോലിക് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജിയോവന്നി ബാറ്റിസ്റ്റ തിരിന്നാന്സി, ഇറ്റലിയിലെ ടസ്കാനിയില്‍ നിന്നുള്ള കപ്പൂച്ചിന്‍ വംശജനായ ഫാ. ലൂയിജി മഗ്ലിയാക്കാനിയെ പള്ളി പണിയാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചു. 1939 ജൂണ്‍ 9ന് ശിലാസ്ഥാപനം നടത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പള്ളിയടെയും ഒരു ചെറിയ സ്കൂളിന്റെയും നിര്‍മാണം പൂര്‍ത്തിയായി.
1939ലെ ക്രിസ്മസ് രാവില്‍ ആദ്യമായി പള്ളിമണികള്‍ മുഴങ്ങി. ഇടവക അതിന്റെ 85ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വികാരിയല്‍ ദേവാലയമായി അതിന്റെ പദവി ഈ മേഖലയിലെ കത്തോലിക്കര്‍ക്ക് നവീകരണത്തിന്റെയും ഐക്യത്തിന്റെയും ഭക്തിയുടെയും ഒരു പുതിയ അദ്ധ്യായത്തെ അടയാളപ്പെടുത്തുന്നു.
സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഒരു വികാരിയല്‍ ദേവാലയമായി സ്ഥാപിക്കാനുള്ള ഔദ്യോഗിക ഉത്തരവ് 2025 നവംബര്‍ 1ന് പ്രാബല്യത്തില്‍വരുമെന്നും പള്ളി അധികൃതര്‍ പറഞ്ഞു.


