
ദില്ലി: അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ വനിതയെ ഷാങ്ഹായി വിമാനത്താവളത്തിൽ ട്രാൻസിറ്റിനിടെ തടഞ്ഞു വെച്ചതിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും ഇന്ത്യ അറിയിച്ചു. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് ചട്ടം. യുവതിയെ ശല്യപ്പെടുത്തിയില്ലെന്നും അരുണാചൽ പ്രദേശ് ചൈനയുടേതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.


