ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ 17 കാരനെ ചൈന ഇന്ത്യക്ക് കൈമാറി. മിറം തരോമിനെ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് കൈമാറിയത്. ഒരാഴ്ചക്ക് ശേഷമാണ് അരുണാചൽ സ്വദേശിയുടെ കൈമാറ്റം. മെഡിക്കൽ പരിശോധന ഉൾപ്പടെയുള്ള എല്ലാനടപടികളും പൂർത്തിയാക്കിയാണ് തരോമിനെ ഏറ്റുവാങ്ങിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
അപ്പർ സിയാങ് ജില്ലയിൽ നിന്ന് ഈ മാസം 18ന് യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചൽ പ്രദേശിലെ എംപി തപീർ ഗാവോ ആരോപിച്ചത്. ഇന്ത്യൻ അധികൃതർ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇയാൾ പി.എൽ.എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിർത്തിയിൽ മിറം തരോം പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ജനുവരി 20ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
പട്രോളിങ്ങിനിടെ ചൈനീസ് അതിർത്തി ഗാർഡുകളാണ് ഇന്ത്യൻ പൗരനെ കണ്ടെത്തിയത്. ഇയാൾ അനധികൃതമായി ചൈനീസ് മേഖലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലടക്കം മറ്റുനടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും ചൈനീസ് വക്താവ് പറഞ്ഞു.
