നാല് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കൂടെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈന. ഈ വര്‍ഷം ആദ്യം ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മലേഷ്യക്കും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഓസ്ട്രിയ, ബെല്‍ജിയം, ഹങ്കറി, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കാണ് ചൈന പുതുതായി വിസയില്ലാതെയുള്ള പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി അന്താരാഷ്ട്ര സഞ്ചാരികളെ രാജ്യത്തെത്തിച്ച് വ്യാപാരവും, വിനോദസഞ്ചാരവും വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുടെ ഈ തന്ത്രപ്രധാന നീക്കം. ഈ നാല് രാജ്യങ്ങള്‍ക്ക് പുറമെ ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്പെയിന്, സ്റ്റിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് ചൈന നേരത്തെ ഈ ആനുകൂല്യം നല്‍കിയിരുന്നത്. വിനോദസഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വ്യാപാര-നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനുള്ള പുതിയ നയം കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ചൈന നടപ്പിലാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് വിസയില്ലാതെ പ്രവേശിക്കാനാവുക. പിന്നീട് ഇതിന് ഒരു വര്‍ഷം വരെ കാലാവധി ലഭിക്കും. അതേസമയം ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ചൈന ഇത്തരം ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല.
കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം ആദ്യത്തോടെ പിന്‍വലിച്ചെങ്കിലും ചൈനയിലേക്കുള്ള വിദേശികളുടെ വരവ് പഴയ സ്ഥിതിയിലേക്കെത്തിയിരുന്നില്ല. എങ്കിലും കഴിഞ്ഞ വര്‍ഷത്തോടെ യൂറോപ്യന്‍ സഞ്ചാരികളുടെ ഒഴുക്ക് ചൈനയിലേക്ക് ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈനയിലേക്കുള്ള യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 663 ശതമാനം വര്‍ധവാണ് 2023 ല്‍ രേഖപ്പെടുത്തിയത്. ഈ ട്രെന്‍ഡിനെ മുതലെടുക്കുന്നതിന്റെ കൂടെ ഭാഗമായാണ് യൂറോപ്യന്‍ സഞ്ചാരികള്‍ക്ക് ചൈന കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത്.
ഷാങ്ഹായ്, ബീജിങ്, ഹാങ്ചൗ, ഷെന്ഴെന്, ചങ്ടു എന്നിവയാണ് വിദേശികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചൈനീസ് നഗരങ്ങള്‍. ഭൂപ്രകൃതിയും വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളും ചരിത്ര പ്രാധാന്യം നിറഞ്ഞ സ്ഥലങ്ങളും ആത്മീയ കേന്ദ്രങ്ങളുമൊക്കെയാണ് ചൈനയിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. താരതമ്യേനെ ചിലവു കുറവാണെന്നതും ചൈനക്കാരുടെ ആതിഥേയ രീതികളും ചൈനയെ ഏഷ്യയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.