
മനാമ: ബഹ്റൈനില്‍ ഒരു കൂട്ടം കുട്ടികള്‍ കാന്‍സറില്‍നിന്ന് സുഖം പ്രാപിച്ചത് റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ ഓങ്കോളജി സെന്ററില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആര്.എം.എസ്. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മെഡിക്കല്‍ ജീവനക്കാരും കുട്ടികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
കുട്ടികളുടെ രോഗമുക്തി കഥകള്‍ അവതരിപ്പിക്കപ്പെട്ട പരിപാടിയില്‍ വീണ്ടെടുക്കല്‍ മണി മുഴക്കല്‍, കുട്ടികള്‍ക്കുള്ള ഔദ്യോഗിക അംഗീകാര ചടങ്ങ് തുടങ്ങിയവ നടന്നു. ചികിത്സയിലുടനീളം മെഡിക്കല്‍, നഴ്സിംഗ് ടീമുകളുടെ പരിചരണത്തിനും പിന്തുണയ്ക്കും കുട്ടികളുടെ കുടുംബങ്ങള്‍ നന്ദി പ്രകടിപ്പിച്ചു.
കുട്ടികളുടെ നേട്ടങ്ങളെ എസ്.സി.എച്ച്. ചെയര്മാന് അഭിനന്ദിച്ചു. അവരുടെ വീണ്ടെടുക്കല്‍ കഥകള്‍ പ്രചോദനത്തിന്റെ ഉറവിടമാണെന്നും പ്രത്യേക ആരോഗ്യ സംരക്ഷണത്തില്‍ ബഹ്റൈന്റെ പുരോഗതിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
