
കാസർകോട്: ഗുരുപൂർണ്ണിമയുടെ ഭാഗമായി കാസർകോട്ടെ സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂരിലെയും ആലപ്പുഴയിലെയും സ്കൂളുകളിലും പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുവന്ദനത്തിന്റെ ഭാഗമായി കുട്ടികൾ അനുഗ്രഹം വാങ്ങിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്കൂളുകളുടെ വിശദീകരണം
കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിയെന്ന് കമ്മീഷൻ അംഗം ബി മോഹൻ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചടങ്ങിനെതിരെ DYFI, AIYF തുടങ്ങിയ സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മാതൃപൂജയും ഗുരുപൂജയും ഭാരതീയ വിദ്യാനികേതന്‍ കീഴിലുള്ള സ്കൂളുകളിൽ പതിവാണെന്നും കുട്ടികളെക്കൊണ്ട് അനുഗ്രഹം വാങ്ങിക്കുന്ന ചടങ്ങ് മാത്രമെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം
