മൂന്നാർ: ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസുകാരൻ വിവാഹം കഴിച്ചത് 16 വയസുള്ള പെൺകുട്ടിയെ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമൻ ഒരാഴ്ച മുമ്പാണ് പതിനാറുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
ശൈശവ വിവാഹത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി വ്യക്തമായി. പെൺകുട്ടിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നതെന്നും കണ്ടെത്തി.
എന്നാൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് ജില്ലാ ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകിയതായി സാമൂഹ്യക്ഷേമ വകുപ്പിലെ താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു.