തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രി അൽപ്പത്തരത്തിന്റെ പ്രതിരൂപമാണെന്നതിന്റെ തെളിവാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. യു.പി.എ സർക്കാരിന്റെ കാലത്ത് കെ.സി വേണുഗോപാൽ എം.പിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിന് 120 കോടി രൂപ അനുവദിച്ചതെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ പോലും പറഞ്ഞിരുന്നു.
പദ്ധതി നടത്തിപ്പിന് ആവശ്യമായ എല്ലാ ഇടപെടലുകളും ഏകോപനവും നടത്തിയത് കെ.സി വേണുഗോപാൽ ആണ് എന്നത് വസ്തുതയാണ്. എന്നാൽ പദ്ധതി പൂർത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ക്ഷണിക്കാതിരുന്നത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സങ്കുചിത മനോഭാവം കൊണ്ടാണ്. ഉദ്ഘാടന ചടങ്ങിലേക്ക് കെ.സി വേണുഗോപാൽ എം.പിയെ ക്ഷണിക്കണമെന്ന് ആവശ്യമുയർന്നപ്പോൾ ആരൊക്കെയാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് സംഘാടക സമിതി അംഗം എച്ച്.സലാം എം.എൽ.എ പറഞ്ഞു.
ആശുപത്രി നിർമ്മാണത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തെ വിമർശിക്കാൻ ജി സുധാകരൻ കാണിച്ച മനസിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ആലപ്പുഴ ജില്ലയിലെ ആരോഗ്യ മേഖലയിലെ പോരായ്മകൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട കെ.സി വേണുഗോപാലിനെ അപമാനിച്ച സർക്കാർ നടപടി അപലപനീയമാണെന്നും ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരൻ പറഞ്ഞു.