തിരുവനന്തപുരം: വായനയുടെ ലഹരിയാണ് ഇന്ന് നേരിടുന്ന ലഹരി എന്ന വിപത്തിനെ നേരിടാനുള്ള ഏറ്റവും വലിയ മാർഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസംബ്ലി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറ ദൃശ്യങ്ങളിൽ കൂടുതൽ മുഴുകിയിരിക്കുകയാണെന്നും എന്നാൽ വായനക്കു കൂടുതൽ പ്രാധ്യാന്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ-റീഡിംഗ് നടത്തുകയും അതോടൊപ്പം അച്ചടിച്ച പുസ്തകങ്ങളും പ്രോത്സാഹിപ്പിക്കുകയും വേണം. വായനാ സംഘങ്ങൾ നശിക്കുന്നത് അപകടകരമാണെന്നും സാഹിത്യവും രാഷ്ട്രീയവും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ടി പത്മനാഭനു നൽകി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേർ ചടങ്ങിൻ്റെ ഭാഗമായി.