തിരുവനന്തപുരം: സംസ്ഥാന സമിതിയിൽ നിന്ന് തരംതാഴ്ത്തൽ പോലുള്ള കടുത്ത നടപടികളിൽ നിന്ന് സുധാകരനെ സംരക്ഷിച്ചു നിർത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റ ഇടപെടലാണ്. 2002ൽ വിഭാഗീയ പ്രവർത്തനത്തിന് സംസ്ഥാന സമിതിയിൽ നിന്ന് സുധാകരനെ തരംതാഴ്ത്തിയിരുന്നു. എന്നാൽ ഇത്തവണ നടപടിയെടുത്ത് ഒഴിവാക്കാനല്ല, പകരം തെറ്റു തിരുത്തി കൂടെ നിർത്താനാണ് പാർട്ടി തീരുമാനം. പാർട്ടിയിൽ വിഭാഗീയതയും സംഘടാ വിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ജി.സുധാകരനെതിരായ നടപടിയിലൂടെ സിപിഎം, നേതാക്കൾക്കും അണികൾക്കും നൽകുന്നത്.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയ പ്രശ്നങ്ങളുടെ പേരിൽ 2002ൽ ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചു വിടുകയും ജില്ലാ സെക്രട്ടറി കൂടിയായ സുധാകരനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു. മുൻ ജില്ലാ സെക്രട്ടറി വി.കേശവനേയും അന്ന് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തി. ജില്ലാ സമ്മേളന തെരഞ്ഞെടുപ്പുകളിൽ പാർട്ടി ചട്ടങ്ങൾ ലംഘിക്കാൻ കൂട്ടു നിന്നു എന്നായിരുന്നു സുധാകരനെതിരേ അന്നു ചാർത്തിയ കുറ്റം.
തുടർന്ന് എം.എ.ബേബിക്ക് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി. നടപടിക്കു ശേഷം പിണറായി വിജയനോട് അടുത്ത സുധാകരൻ അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറി. വിഎസ്-പിണറായി വിഭാഗീയതയുടെ കാലത്ത് ആലപ്പുഴ പാർട്ടിയെ പിണറായിയോട് അടുപ്പിച്ചത് സുധാകരനായിരുന്നു. ദശാബ്ദങ്ങളോളം കൈവള്ളയിലായിരുന്ന ആലപ്പുഴ പാർട്ടിയിലെ സ്വാധീനം അടുത്തകാലത്താണ് സുധാകരന് നഷ്ടമായത്. അതാണ് ഇപ്പോൾ പാർട്ടി നടപടിയിൽ വരെയെത്തിച്ചത്. എന്നാൽ വിശ്വസ്തനെ കൈവിടാൻ ഇപ്പോഴും പിണറായി തയാറായില്ല.
അച്ചടക്ക ലംഘനത്തിന് നടപടി എടുക്കുമ്പോഴും അത് പരമാവധി ലഘുവാക്കാൻ പിണറായി വിജയൻ ശ്രദ്ധിച്ചതാണ് സുധാകരന് തുണയായത്. സുധാകരനെതിരായ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ഗൗരവം കണക്കാക്കുമ്പോൾ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കൽ പോലും ഏറ്റവും കുറഞ്ഞ ശിക്ഷയായി മാറിയേനെ എന്ന അഭിപ്രായമുള്ളവർ സിപിഎമ്മിലുണ്ട്.
എന്നാൽ അതുണ്ടായില്ല. പകരം, പാർട്ടി നടപടിയിൽ ദു:ഖിതനായ സുധാകരനെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി. സെക്രട്ടേറിയറ്റിലെ ധാരണയുടെ കൂടി അടിസ്ഥാനത്തിലാണ് ക്ലിഫ് ഹൗസിലെത്തി തന്നെ കാണാൻ സുധാകരനോട് പിണറായി ആവശ്യപ്പെട്ടത്. തെറ്റിപ്പിരിഞ്ഞു പോകാനല്ല, തെറ്റുതിരുത്തി കൂടെ നിൽക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ജില്ലയിൽ നിറഞ്ഞു നിന്ന് പ്രവർത്തിക്കണമെന്നും സുധാകരനോട് പിണറായി ആവശ്യപ്പെട്ടതായാണ് വിവരം.