തിരുവനന്തപുരം: കിഫ്ബിയുടെ കണക്ക് ചോദിക്കുന്നവർ കേരള വികസന വിരുദ്ധരും സാഡിസ്റ്റുകളുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ടെത്തൽ അതിവിചിത്രമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ. കിഫ്ബിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെയാണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
ബജറ്റിനെ മാത്രം ആശ്രയിക്കാതെ, ബജറ്റിന് പുറത്തുനിന്നും വരുമാനം കണ്ടെത്തണം. അതിനുവേണ്ടിയാണ് കിഫ്ബി എന്നു മുഖ്യമന്ത്രിയും സമ്മതിച്ചു. അങ്ങനെ പണം കണ്ടെത്തുന്നത് നിയമപ്രകാരം തെറ്റാണെന്നാണ് സി എ ജി പറയുന്നത്.
കിഫ്ബി ഒരു വ്യാപാര സ്ഥാപനമോ വ്യവസായശാലയോ അല്ല. സ്വന്തം നിലയിൽ കിഫ്ബിക്ക് ചെലവല്ലാതെ വരുമാനം ഇല്ല. കേരള സർക്കാർ നൽകുന്ന നികുതി പണവും കടമെടുപ്പുമാണ് വരുമാന മാർഗ്ഗങ്ങൾ. കടമെടുപ്പിന് ജാമ്യം നിൽക്കുന്നത് കേരള സർക്കാരാണെന്നും അതിനാൽ അത് നിയമ വിരുദ്ധമാണെന്നും ഡോ. കെ എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഡോ. കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
കിഫ്ബിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു
കിഫ്ബിയുടെ കണക്ക് ചോദിക്കുന്നവർ കേരള വികസന വിരുദ്ധരും സാഡിസ്റ്റുകളുമാണെന്ന പിണറായി വിജയന്റെ കണ്ടെത്തൽ വിചിത്രമല്ല; അതിവിചിത്രമാണ്. ബജറ്റിനെ മാത്രം ആശ്രയിച്ചാൽ കേരളം വളരില്ല. ബജറ്റിന് പുറത്തുനിന്നും വരുമാനം കണ്ടെത്തണം. അതിനുവേണ്ടിയാണ് കിഫ്ബി എന്നു മുഖ്യമന്ത്രിയും സമ്മതിച്ചു.
അങ്ങനെ പണം കണ്ടെത്തുന്നത് നിയമപ്രകാരം തെറ്റാണെന്നാണ് സി എ ജി പറയുന്നത്. കിഫ്ബി ഒരു വ്യാപാര സ്ഥാപനമോ വ്യവസായശാലയോ അല്ല. സ്വന്തം നിലയിൽ കിഫ്ബിക്ക് ചെലവല്ലാതെ വരുമാനം ഇല്ല. കേരള സർക്കാർ നൽകുന്ന നികുതി പണവും കടമെടുപ്പുമാണ് വരുമാന മാർഗ്ഗങ്ങൾ. കടമെടുപ്പിന് ജാമ്യം നിൽക്കുന്നത് കേരള സർക്കാരുമാണ്.
കേരളത്തെ ജാമ്യം നിർത്തി കടം മേടിക്കുകയും കേരളീയന്റെ നികുതിപ്പണം ഉപയോഗിക്കുകയും ചെയ്യുമ്പോൾ ചില നിയമങ്ങൾ അനുസരിക്കേണ്ടിവരും. എന്തു ചെയ്യാം, ഇന്ത്യയിൽ ഭരണഘടനയും അതുപ്രകാരം ഉണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും ചില നടപടിക്രമങ്ങളും ഉണ്ടായിപ്പോയി. അതുകൊണ്ട് നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ കിഫ്ബി പ്രവർത്തിക്കുന്നത് ശരിയല്ല എന്നാണ് സി എ ജി പറയുന്നത്. അതിൽ എന്തിനീ ക്ഷോഭം?
നികുതിപ്പണം ഉപയോഗിക്കുകയും കേരളത്തെ പണയപ്പെടുത്തി പണം വാങ്ങുകയും ചെയ്യുമ്പോൾ അവയെല്ലാം എങ്ങനെ ചെലവഴിക്കും എന്നറിയാൻ പൗരന് അധികാരമുണ്ട്. പൗരന്റെ ഈ അധികാരമാണ് ജനപ്രതിനിധി സഭയായ നിയമസഭയ്ക്ക് ഉള്ളത്. അതുകൊണ്ട് കിഫ്ബിയുടെ പണം എങ്ങനെ ചെലവഴിക്കണമെന്ന് നിയമസഭ അറിയണം. വരവ് ചെലവ് കണക്കുകൾ നിയമസഭ അംഗീകരിക്കുകയും ചട്ടപ്രകാരമാണോ വരവ് – ചെലവുകൾ നടത്തിയത് എന്ന് ഭരണഘടനാ സ്ഥാപനമായ സി എ ജി സൂക്ഷ്മപരിശോധന നടത്തുകയും വേണം. അതാണ്, സർ ചട്ടം.
ഈ നിയമം അനുസരിക്കണമെന്നു പറയുന്നവർ മനോരോഗികളാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്റെ അസഹിഷ്ണുതയേയും അറിവില്ലായ്മയേയുമാണ് വെളിവാക്കുന്നത്. പൗരന്റെ നികുതി പണം മുഖ്യമന്ത്രിക്കും കിഫ്ബിക്കും ലഭിക്കുന്ന ദാനമല്ല. ദാനമായിരുന്നു എങ്കിൽ എങ്ങനെ പണം ചെലവഴിച്ചു എന്ന് അന്വേഷിക്കേണ്ടതില്ല. നികുതിപ്പണമായതുകൊണ്ട് മുഖ്യമന്ത്രീ, അങ്ങ് കണക്ക് പറയുക തന്നെ വേണം.
ഭരണഘടന, നിയമം, ചട്ടം, നടപടിക്രമങ്ങൾ എന്നിവയൊന്നും പാലിക്കാതെ ‘വന്ന വരവിന് ചെന്ന ചെലവ്’ എന്നപോലെ പണം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. ബജറ്റിനു പുറത്തുനിന്നും വരുമാനം ഉണ്ടെങ്കിലേ കേരളം പുരോഗതി കൈവരിക്കൂ എന്നാണ് മുഖ്യമന്ത്രി പറയുന്നതിന്റെ സാരം. അതായത് നിയമവും ചട്ടവും ഒന്നും പാലിക്കാതെ പണം കൈകാര്യം ചെയ്യാൻ അനുവദിക്കണമെന്ന വാദം നിയമവാഴ്ചയെ ഇല്ലാതാക്കും. നിയമവാഴ്ച ഇല്ലാതായാൽ ഏകാധിപത്യമായിരിക്കും നടപ്പിൽ വരിക.
കിഫ്ബിയെ ന്യായീകരിക്കാനായി നിയമവാഴ്ചയെ പരിഹസിക്കുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു.