ദുബായ് : കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ.ടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളത്തിൽ വിപ്ലവകരമായ മാറ്റം സ്റ്റാർട്ട് അപ്പുകൾ കൊണ്ടുവന്നു, തൊഴിൽ തേടുന്ന രീതി മാറി. തൊഴിൽ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വർഷം 20000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യു.എ.ഇയിലെ സായിദ് മാരത്തൺ കേരളത്തിൽ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.