ചിക്കാഗോ: ചിക്കാഗോയിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുവോണ നാളായ ഓഗസ്റ്റ് 21 ന് ചിക്കാഗോ മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേകുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നോർത്ത് അമേരിക്കൻ മലയാളികൾക്ക് അഭിമാനമായികൊണ്ട് ടെക്സാസിലെ മൈസൂരി സിറ്റിയിൽ മേയറായി തെരെഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കാട്ട് ആണ് മുഖ്യാഥിതിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദാഘാടനം ചെയ്തത്.
ചിക്കാഗോയിൽ വളർന്നു, നോർത്ത് അമേരിക്കൻ മലയാളികൾക്ക് അഭിമാനമായികൊണ്ട് ടെക്സാസിൽ മണ്ണിൽ വിജയക്കൊടി പാറിച്ച റോബിൻ ഇലക്കാട്ടിനെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും സമർപ്പണവും ഏവർക്കും മാതൃകയാക്കേണ്ടത് മലയാളി സമൂഹത്തിന്റെ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നും പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ചിക്കാഗോയിലെ മലയാളി സമൂഹം എന്നും തന്റെ ഹൃദയത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു സമൂഹമാണ് എന്നും സ്റ്റീഫൻ കിഴക്കേകുറ്റിനെ പോലെ നിരവധി സുഹൃത്തുക്കളെ ചിക്കാഗോയിൽ വളർന്ന കാലഘട്ടത്തിൽ ഉണ്ടാക്കുവാൻ സാധിച്ചതാണ് ഏറെ അഭിമാനിക്കാവുന്ന ജീവിത മുഹൂർത്തം എന്നും മേയർ റോബിൻ ഇലക്കാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. അമേരിക്കൻ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുവാൻ നമ്മുടെ യുവജനങ്ങൾക്ക് കരുത്തും തുണയും ആയി നമ്മുടെ സംഘടനകൾ പ്രവർത്തിക്കേണ്ട ആവശ്യകതെയെപ്പറ്റിയും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അത്തപൂക്കളവും താലപ്പൊലിയും മാവേലിത്തമ്പുരാനും വിഭവ സമൃദമായ ഓണസദ്യയുമൊക്കെയായി ഇത്തവണത്തെ ഓണാഘോഷങ്ങൾ വര്ണശബളമായി. നയനമനോഹരമായ കലാപരിപാടികളും, ചെണ്ടമേളവും, സംഗീത സാന്ദ്രമായ മറ്റു കലാ പരിപാടികളും ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. മുൻ പ്രസിഡണ്ട് വർഗ്ഗീസ് പാലമല, പീറ്റർ കുളങ്ങര, സതീശ് നായർ, ജോൺ പാട്ടപ്പതി, ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീമതി വിജി നായർ, ട്രഷറർ ബിനു കൈതക്കതൊട്ടിയിൽ മറ്റു സംഘടനാ നേതാക്കന്മാർ എന്നിവർക്കൊപ്പം നൂറുകണക്കിന് ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. സെക്രട്ടറി റ്റാജു കണ്ടാരപ്പളിൽ എം സി ആയി പരിപാടികളെ അച്ചടക്കത്തോടെയും സമയനിഷ്ഠതയോടെയും നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ട് റോയി നെടുംചിറ സ്വാഗതവും ജോയിന്റ് സെക്രട്ടറി മഹേഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ