മുംബൈ: അധോലോക നായകൻ രാജേന്ദ്ര നികൽജെ എന്ന ഛോട്ടാ രാജന്റെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ചതിന് ആറ് പേർ അറസ്റ്റിൽ. മുംബൈയിലെ മലാദിലാണ് ഛോട്ടാ രാജന്റെ ജൻമദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ പോസ്റ്റർ പതിച്ചത്. സംഭവം വിവാദമായതോടെ പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ് സംഘാടകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഛോട്ടാ രാജന്റെ ജൻമദിനത്തോടനുബന്ധിച്ച് ജനുവരി 14, 15 തീയതികളിലാണ് കബഡി മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം സംഘാടകരും പോസ്റ്ററുകൾ പതിച്ചിരുന്നു. സംഭവത്തിൽ പൊലീസ് ഇടപെട്ടതിനെ തുടർന്ന് കബഡി മത്സരം റദ്ദാക്കി.
അറസ്റ്റിലായ ആറുപേർക്കെതിരെ പണം തട്ടിയതിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ഛോട്ടാ രാജൻ സോഷ്യൽ ഓർഗനൈസേഷന്റെ പേരിൽ നാട്ടുകാരിൽ നിന്ന് പണം ആവശ്യപ്പെട്ടതായും ഇതിൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.