
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിവിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോര്‍ത്തിയതിനു പിന്നാലെ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്തവരുടെ വ്യക്തിവിവരങ്ങളും സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ചെന്നിത്തല ആരോപിച്ചു.
പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത 35നു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി നല്കിയ കത്ത് പ്രകാരം ചോര്‍ത്തിയത്. ഇതിന്റെ തെളിവായി, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്ത് ചെന്നിത്തല പുറത്തുവിട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജിവെച്ചൊഴിയണം. ഈ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


