ന്യൂഡൽഹി: വധശ്രമക്കേസിൽ അയോഗ്യനാക്കിയ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്ന് സുപ്രീം കോടതി. ഫൈസലിനെതിരായ പരാതിക്കാരന് 16 മുറിവുകളുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കിൽ മരണം സംഭവിക്കാമായിരുന്നു എന്ന് ഡോക്ടർ മൊഴിനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപൂർവം ചില സാഹചര്യങ്ങളിൽ മാത്രമേ വിധി സ്റ്റേ ചെയ്യാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. വിധി സ്റ്റേ ചെയ്തതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കോടതിയെ സമീപിച്ചിരുന്നു.
ഫൈസലിന്റെ അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അയോഗ്യതയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയായിരുന്നു തീരുമാനം. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും കവരത്തി സെഷൻസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്.
ജനുവരി 11 നാണ് കവരത്തി കോടതി വിധി പ്രസ്താവിച്ചത്. തുടർന്ന് ഫൈസലിനെ ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തിച്ച് ജയിലിലാക്കി. ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. എന്നാൽ ജനുവരി 25ന് കവരത്തി കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധിയെ തുടർന്ന് തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവച്ചു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകി. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും അയോഗ്യത പിൻവലിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. തുടർന്ന് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കുകയായിരുന്നു.