
കോട്ടയം: കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടം സന്ദർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സർക്കാർ കുട്ടികളെ സംരക്ഷിക്കണമെന്നും ഇത് കുട്ടികളുടെ ഭാവിയെ സംബന്ധിച്ച കാര്യമാണെന്നും ചാണ്ടി ഉമ്മൻ. കെട്ടിടത്തിന്റെ ഫിറ്റ്നസ് സർക്കാർ സ്വന്തം ചെലവിൽ പരിശോധിക്കണം. ഹോസ്റ്റലിലെ ശുചിമുറികൾ വൃത്തിഹീനമാണ്. പൊളിഞ്ഞു വീഴാറായ കെട്ടിടമടക്കം സർക്കാർ സംരക്ഷിക്കണമെന്നും ചാണ്ടി ഉമ്മൻ.സാധാരണക്കാരന്റെ മക്കൾക്ക് ഇത്ര മതി എന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലാണെന്ന് ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ ഹോസ്റ്റൽ സന്ദർശനം. 60 വർഷം പഴക്കമുള്ള കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്. ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പഴയ കെട്ടിടത്തിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകര്‍ന്ന സംഭവത്തോടെ വിദ്യാര്‍ത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്. കെട്ടിടത്തിന്റെ സിമന്റ് പാളികള്‍ മുറികള്‍ക്കുള്ളിൽ അടര്‍ന്നുവീഴുകയാണ്.
പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്റ് പാളികള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോർഡുകളിൽ നിന്നും വൈദ്യുതി ആഘാതം ഉണ്ടാകുന്നുണ്ടെന്നും ടോയ്ലറ്റുകള് പലതും പൊളിഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഒരു വർഷം മുമ്പ് വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് ടോയ്ലറ്റ് കെട്ടിടം പൊളിഞ്ഞു വീണു. പേടിയോടെയാണ് ഹോസ്റ്റലിൽ കഴിയുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർക്ക് പലതവണ കത്ത് കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും ഏതു നിമിഷവും തകരുന്ന നിലയിലാണ് കെട്ടിടം എന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
