മ്യൂണിക്: ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ഇന്ന് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെ പി എസ് ജി നേരിടും.ആദ്യ പാദത്തിൽ ബയേൺ 1-0 ന് വിജയിച്ചതിനാൽ പി എസ് ജിക്ക് ഇന്ന് പോരാട്ടം കടുത്തതായിരിക്കും. മത്സരം ബയേണിന്റെ ഗ്രൗണ്ടിലാണെന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇന്ന് രണ്ട് ഗോളിന് ജയിച്ചാൽ മാത്രമേ പിഎസ്ജിക്ക് ക്വാർട്ടർ ഫൈനലിലെത്താനാകൂ. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ ഇറ്റാലിയൻ ക്ലബ്ബ് എസി മിലാനെ നേരിടും. ഇറ്റലിയിൽ നടന്ന ആദ്യ പാദത്തിൽ മിലാൻ 1-0 ന് വിജയിച്ചിരുന്നു.
കഴിഞ്ഞ വർഷം ആകെ 4 കളികൾ മാത്രം തോറ്റ പിഎസ്ജി ഈ വർഷം 14 മത്സരങ്ങളിൽ 5 എണ്ണത്തിൽ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും, ബയേണിനെതിരായ ആദ്യ പാദ പ്രീ-ക്വാർട്ടർ തോൽവിക്ക് ശേഷം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിലും വിജയിച്ചു എന്നതാണ് ഫ്രഞ്ച് ക്ലബിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകം. മെസിയും എംബാപ്പെയും ഫോമിലാണ്. പരിക്ക് കാരണം നെയ്മർ ടീമിലില്ല.