
അബുദാബി: യു.എ.ഇ. സഹിഷ്ണുതാ- സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അറബ് ലോകത്തെമ്പാടുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യ നേതാക്കളും പങ്കെടുത്ത, അബുദാബിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ബഹ്റൈനിലെ സര്‍ക്കാര്‍ ആശുപത്രി വകുപ്പിന് ‘രോഗീ അനുഭവത്തില്‍ മികവിന്റെ നക്ഷത്രം’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
രോഗികളുടെ അനുഭവം മെച്ചപ്പെടുത്താനും ആരോഗ്യ സേവനങ്ങളില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാനുമുള്ള ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ നിരന്തര പരിശ്രമത്തെയാണ് ഈ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ പറഞ്ഞു. വികസനത്തിനും തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ പരിപാടികള്‍ക്കും സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ ശക്തമായ പിന്തുണയുടെ ഫലമാണ് ഈ പ്രാദേശിക അംഗീകാരമെന്നും ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും മികച്ച ആഗോള രീതികള്‍ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ പ്രതിബദ്ധതയ്ക്ക് ഇത് അടിവരയിടുന്നുവെന്നും അവര്‍ പറഞ്ഞു.
പത്ത് അറബ് രാജ്യങ്ങളില്‍നിന്നുള്ള 267 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ പങ്കെടുത്ത പ്രാദേശിക മത്സരത്തിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്. മത്സരം ഒരു പ്രത്യേക ജഡ്ജിംഗ് പാനല്‍ വിലയിരുത്തി. ഒടുവില്‍ 38 സ്ഥാപനങ്ങളെ മാത്രമാണ് വിജയികളായി തിരഞ്ഞെടുത്തത്.
