പാലക്കാട്: കേന്ദ്രസർക്കാരിന്റെ വിപരീത പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് ജില്ലയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ എല്ലാ മേഖലകളെയും പിന്നോട്ടടിക്കുകയാണ്. സാധാരണക്കാർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസമോ മെച്ചപ്പെട്ട തൊഴിലോ മെഡിക്കൽ സൗകര്യങ്ങളോ ലഭിക്കുന്നില്ല. കോടിക്കണക്കിന് യുവാക്കൾ ജോലി തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാല ബിരുദങ്ങൾക്ക് യാതൊരു മൂല്യവുമില്ലാത്ത ഒരു സാഹചര്യമുണ്ട്. വിലക്കയറ്റം സംസ്ഥാനത്തെ സാരമായി ബാധിച്ചു. വിരലിലെണ്ണാവുന്ന ആളുകളുടെ മാത്രം താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ് സർക്കാരിന് താല്പര്യമുള്ളവർ. അവരുടെ പ്രശ്നങ്ങളിൽ മാത്രമാണ് സർക്കാർ ആശങ്കപ്പെടുന്നത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി അവരെ സമീപിക്കുകയാണ്. രാജ്യത്തെ വാണിജ്യ മേഖലയെയും അവർ നിയന്ത്രിക്കുന്നു.
ചെറുകിട വ്യവസായികൾക്കും സാധാരണക്കാർക്കും വായ്പ ലഭിക്കില്ലെങ്കിലും അതിസമ്പന്നർക്ക് വായ്പ ലഭിക്കുന്നുണ്ട്. തെറ്റായ ജിഎസ്ടി നയവും നോട്ടുനിരോധനവും രാജ്യത്തെ പിന്നോട്ടടിച്ചു. വെറുപ്പും വിദ്വേഷവും കൊണ്ട് രാജ്യത്തെ വിഭജിക്കാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. ജോഡോ യാത്ര സമാധാനത്തിന്റെ സന്ദേശമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. രാജ്യത്തിന്റെ ഐക്യം നിലനിർത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യമെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജോഡോ യാത്ര മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.