100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറക്കുകയാണ് കേന്ദ്രസർക്കാർ. ജി20 അധ്യക്ഷത പദവി വഹിക്കുന്നതിന്റെ സ്മരണാർത്ഥം ആണ് 100 രൂപയുടെയും, 75 രൂപയുടെയും നാണയങ്ങൾ പുറത്തിറകുന്നത് വളരെ വ്യത്യസ്ഥമാർന്ന നാണയങ്ങളാണ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 100 രൂപ നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്തംഭവും, അതിനു തൊട്ടുമുകളിൽ ‘സത്യമേവ ജയതേ’ എന്നും എഴുതും. കൂടാതെ, ഇടതുവശത്ത് ‘ഭാരത്’ എന്നും എഴുതുന്നതാണ്. ഇവ രണ്ടും ദേവനാഗിരി ലിപിയിലാണ് എഴുതുക. അതേസമയം, വലതുവശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതാണ്.
ജി20 അധ്യക്ഷ പദത്തിന്റെ അടയാളമായി നാണയത്തിന്റെ മറുവശത്ത് ജി20യുടെ ലോഗോ പതിപ്പിക്കും. ഇതിന് മുകളിലായി ‘വസുദേവ കുടുംബകം’ എന്ന് ദേവനാഗിരി ലിപിയിലും, താഴെയായി ‘വൺ ഏർത്ത്, വൺ ഫാമിലി, വൺ ഫ്യൂച്ചർ’ എന്നിങ്ങനെ ഇംഗ്ലീഷിലും രേഖപ്പെടുത്തും. 75 രൂപ നാണയത്തിലും സമാന ഡിസൈൻ തന്നെ പിന്തുടരുന്നതാണ്. പുതിയ പാർലമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 75 രൂപ നാണയം പുറത്തിറക്കിയിരുന്നു. നാണയങ്ങൾക്ക് 35 ഗ്രാം ഭാരവും, 44 മില്ലിമീറ്റർ വ്യാസവും ഉണ്ടായിരിക്കുന്നതാണ്. ഇവ 50 ശതമാനം വെള്ളിയും, 40 ശതമാനം ചെമ്പും, 5 ശതമാനം നിക്കലും, 5 ശതമാനം സിങ്കും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കറൻസി പുറത്തിറങ്ങിയത് 1950 ഓഗസ്റ്റ് 15-നാണ്. ജോർജ് ആറാമന്റെ തലയ്ക്കുപകരം അശോകസ്തംഭമാണ് മുദ്രണം ചെയ്തത്. ഇന്ത്യൻ കോയിനേജ് ആക്ട് നിലവിൽ വന്നത് 1957 ഏപ്രിൽ ഒന്നിനാണ്. അതോടെ ഒരുരൂപയെന്നാൽ നൂറുപൈസ എന്നായി. കാഴ്ചവൈകല്യമുള്ളവർക്കുകൂടി നാണയങ്ങളുടെ ആകൃതി സ്പർശിച്ച് മനസ്സിലാക്കാവുന്ന തരത്തിലുള്ളതായിരുന്നു അവയുടെ രൂപകല്പന. ഒരു നയാപൈസ വട്ടത്തിൽ. അരികുകൾ കൊത്തിമിനുക്കിയ രണ്ടുപൈസ, ചതുരത്തിലുള്ള അഞ്ചുപൈസ, രണ്ടുപൈസയുടെ മാതൃകയിലുള്ള അല്പം വലുപ്പം കൂടിയ പത്തുപൈസ തുടങ്ങിയവയായിരുന്നു നാണയങ്ങൾ.
1935-ൽ ആർ.ബി.ഐ. നിലവിൽ വരുമ്പോൾ സ്വീകരിച്ചിരുന്ന നാണയനിയമം ആനുപാതി കരുതൽ (പ്രൊപ്പോഷണൽ റിസർവ്) ആയിരുന്നു. അതനുസരിച്ച് കറൻസി അടിച്ചിറക്കുന്നതിന് നിശ്ചയിച്ചുറപ്പിച്ച അനുപാതത്തിൽ സ്വർണവും വിദേശ കറൻസി ശേഖരവും കരുതലായി വെക്കണം.ഇത് കറൻസിയുടെ വ്യാപ്തി കൂട്ടുന്നതിനും കുറയ്ക്കുന്നതിനും തടസ്സമായി. ആർ.ബി.ഐ.യുടെ 1957-ലെ പുതുക്കിയ നിയമത്തിൽ മിനിമം റിസർവ് സമ്പ്രദായത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതനുസരിച്ച് 200 കോടിരൂപയുടെ മൂല്യത്തിനുള്ള കരുതൽശേഖരമാണ് വേണ്ടത്. 115 കോടിയുടെ മൂല്യമുള്ള സ്വർണവും 85 കോടിയുടെ വിദേശ കറൻസികളും ഗവൺമെന്റ് സെക്യൂരിറ്റിയും ഉണ്ടാകും.
ഇന്ത്യയും മറ്റു പല രാജ്യങ്ങളെയുംപോലെ ഡിജിറ്റൽ കറൻസിയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഏതു കറൻസിയുടെയും മൂല്യം നിലനിർത്തുന്നത് കരുതൽശേഖരവും ലീഗൽ ടെൻഡർ കരുത്തുമാണ്. 1861-ലെ പേപ്പർ കറൻസി ആക്ടനുസരിച്ച് നാണയ അതോറിറ്റിയായി ബ്രിട്ടീഷ് ഇന്ത്യാസർക്കാർ നിയമിതമായി. നാണയനിർമാണ മിന്റിന്റെ ചുമതലകൾ അക്കൗണ്ടന്റ് ജനറൽ, കറൻസി കംപ്ട്രോളർ എന്നിവരിൽ നിക്ഷിപ്തമായി. 1923-ൽ ജോർജ് അഞ്ചാമന്റെ ഫോട്ടോ ആലേഖനം ചെയ്ത ഒരുരൂപ, രണ്ടരരൂപ, അഞ്ചുരൂപ, 10 രൂപ, 50 രൂപ, 100 രൂപ, 1000 രൂപ, 10,000 രൂപ നോട്ടുകൾ പുറത്തിറക്കി.
2016 നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ സർക്കാർ പിൻവലിച്ചത്. മാർക്കറ്റിലുണ്ടായിരുന്ന പണത്തിന്റെ 86.4 ശതമാനവും പിൻവലിക്കപ്പെട്ടു. പകരം 2000 രൂപാ നോട്ടുകളും 2017 ഓഗസ്റ്റ് 23-ന് 200 രൂപാ നോട്ടുകളും അടിച്ചിറക്കി. രൂപയ്ക്ക് ചിഹ്നം ഉണ്ടായത് 2010-ജൂലായ് 15-നാണ്. അങ്ങനെ അംഗീകരിക്കപ്പെട്ട ഔദ്യോഗിക കറൻസി ചിഹ്നമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം നേടി. രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് തമിഴ്നാട് സ്വദേശി ഡി. ഉദയകുമാറാണ്.