തിരുവനന്തപുരം: ജുഡീഷ്യറിയെ വിരട്ടി പരിധിയിലാക്കാനാണ് കേന്ദ്ര സർക്കാരും ഉപരാഷ്ട്രപതിയും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജുഡീഷ്യറി സമർപ്പിക്കുന്ന കൊളീജിയം നിർദേശങ്ങളെ എല്ലാം സർക്കാർ തള്ളിക്കളയുകയാണ്. ജുഡീഷ്യറിയെ ഒട്ടും അംഗീകരിക്കാതെ സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനാണ് ശ്രമം.
ഭരണഘടനയുടെ അനുഛേദം 50 അനുസരിച്ച് ജുഡീഷ്യറിയുടെയും നിയമസഭയുടെയും അധികാരങ്ങൾ വിഭജിച്ചു നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നീക്കം ജുഡീഷ്യറിയുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ അനുഛേദം 124 എ പ്രകാരം ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ നിലവിൽ വന്നത് 2015 ഒക്ടോബർ 16ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.