ന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന്റെ കൃത്യ നിർവഹണത്തിനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർ ആർകെ മാത്തൂരിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2003 ലെ വൈദ്യുതി നിയമ പ്രകാരം കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് വിനിയോഗിക്കാവുന്ന അധികാരങ്ങളാണ് കൈമാറുന്നതെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വ്യക്തമാക്കി. ഭരണഘടനയിലെ 239-ാം ആർട്ടിക്കിൾ പ്രകാരം രാഷ്ട്രപതിയാണ് ഉത്തരവ് പ്രഖ്യാപിച്ചത്. വൈദ്യുതി നിയമം 2003 ലെ സെക്ഷൻ 82,83 ഒഴികെയുള്ളവയ്ക്കാണ് അനുമതി നൽകിയത്.
വൈദ്യുതി മേഖലയുടെ വികസനത്തിനും നവീകരണത്തിനുമായി അവതരിപ്പിച്ച നിയമമാണ് വൈദ്യുതി നിയമം 2003. വൈദ്യുതിയുടെ ഉൽപാദനം, വിതരണം, വ്യാപരം, പ്രസരണം തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിനായുള്ള നിയമങ്ങളാണ് ഇതിൽ വ്യക്തമാക്കുന്നത്. വൈദ്യുതി തീരുവയിലെ ഏകീകരണം,ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, നയങ്ങളും ഇളവുകളും നൽകുക, പ്രകൃതിയ്ക്ക് അനുയോജ്യമായ തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കുക, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയവയൊക്കെ ഇതുമായി ബന്ധപ്പെട്ടതാണ്.

Summary: Central Government has empowered the Ladakh Lieutenant Governor under the Electricity Act, 2003