തിരുവനന്തപുരം: കാർഷിക മേഖലയിൽ പണിയെടുക്കുന്ന കർഷകർ ഒരു വർഷം നീണ്ടുന്ന നിന്ന സമരത്തിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ സാക്ഷാത്കരിക്കുമെന്ന കേന്ദ്ര ഗവണ്മെന്റിന്റെ പ്രഖ്യാപനം തട്ടിപ്പായിരുന്നുവെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
ഐക്യ കർഷക സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയിൽ നടന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് കർഷകർക്ക് അനുകൂലമായ പ്രഖ്യാപനം കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. ഇതു തട്ടിപ്പായിരുന്നുവെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു. ചർച്ച കൂടാതെ പാർലമെന്റ് പാസ്സാക്കിയ കാർഷിക ബന്ധ ബിൽ കർഷക സമരം മൂലം പിൻവലിക്കേണ്ടി വന്നുവെങ്കിലും ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞതിലൂടെ കർഷകരെ വെല്ലുവിളിക്കുകയാണെന്ന് എ.എ.അസീസ് പറഞ്ഞു.
ധർണ്ണയിൽ ഐക്യ കർഷക സംഘം സംസ്ഥാന സെക്രട്ടറി എസ്.എസ്.സുധീർ , പാർട്ടി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ , ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി പേട്ട സജീവ്, ആർ എസ് പി നേതാക്കളായ വി.ശ്രീകുമാരൻ നായർ , കെ.എസ്. സനൽകുമാർ , കെ.ജയകുമാർ , ഇടവനശ്ശേരി സുരേന്ദ്രൻ ,യുടിയുസി ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷ്, ഐക്യ മഹിളാസംഘം ജില്ലാ സെക്രട്ടറി സൂസി രാജേഷ്, ആർ വൈ എഫ് ജില്ലാ പ്രസിഡന്റ് രാലു രാജ്, അഖിലകേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് നന്ദിയോട് ബാബു, ഐക്യ കർഷക സംഘം നേതാക്കളായ അഡ്വ.എ.ശ്രീധരൻ , എസ്.എസ്. ബാലു, ബൈജു നാവായിക്കുളം, വള്ളക്കടവ് വിശ്വൻ, രഘുനന്ദനൻ തമ്പി എന്നിവർ സംസാരിച്ചു.