ഹൈദരാബാദ്: ദേശീയ സ്വത്രന്ത്ര്യ പോരാട്ടങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഭാഗമായി രാജ്യത്തുണ്ടായ സാമൂഹ്യ മുന്നേറ്റങ്ങളെ കേന്ദ്ര ബിജെപി സർക്കാർ തകർക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഹൈദരാബാദിൽ ദേശീയ ദളിത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡണ്ട് കൂടിയായ അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തച്ചു തകർത്തു. ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവുമുണർത്തി വർഗീയ കലാപങ്ങൾ ആളിക്കത്തിക്കുന്നു. മണിപ്പൂർ ഇതിന് ഉദാഹരണമാണ്. ഭരണഘടന, ഫെഡറലിസം, പൗരസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയെല്ലാം തകർക്കുന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സർക്കാർ തുടരുന്നത്.
അതേസമയം നവോത്ഥാന മൂല്യങ്ങളെ ഏറ്റെടുത്തും കാത്തുസൂക്ഷിച്ചും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ സർക്കാരുകളും മുന്നോട്ടു പോയതാണ് കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് ശക്തി പകർന്നത് – കെ.രാധാകൃഷ്ണൻ പറഞ്ഞു. ദളിതർക്കും പിന്നോക്കക്കാർക്കും വഴി നടക്കാനോ ക്ഷേത്രങ്ങളിൽ പോകാനോ അവസരം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് വൈക്കം സത്യഗ്രഹത്തെപ്പോലുള്ള പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിരുന്നു. ഗുരുവായൂരിൽ ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിൻ്റെ ഭാഗമായി പി. കൃഷ്ണപിള്ള മുഴക്കിയ മണിയുടെ മാറ്റൊലിയുടെ ഭാഗമായാണ് ദളിത്-പിന്നാക്ക വിഭാഗങ്ങൾക്ക് പൂജാരിയും ദേവസ്വം വകുപ്പ് മന്ത്രിയുമൊക്കെയാവാനുള്ള അഭിമാനകരമായ അവസരമൊരുക്കിയതെന്നു് അദ്ദേഹം പറഞ്ഞു.ദേശീയ തലത്തിൽ ജാതിവിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കു മെതിരെ രാജ്യത്ത് യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. സുഭാഷിണി അലി, എം.ലക്ഷ്മയ്യ, കെ.മാധവറാവു ഐ.എ.എസ്., ഡോ.രാജശേഖർ വന്ത്രു ഐ.എ.എസ്, ആർ.ലിംബാദ്രി ,ബി.വെങ്കിട്ട്, ധീരേന്ദ്രജാ, ഗുൽസാർ സിംഗ് എന്നിവർ സംസാരിച്ചു.