ന്യൂഡൽഹി: ബ്രിട്ടണിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി.
യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. യാത്രക്കാർ ആർടി-പിസിആർ പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തിയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം അറിയിച്ചു. നിലവിലെ മാനദണ്ഡപ്രകാരം 14 ദിവസത്തിന് ശേഷം ഇവർക്ക് വീണ്ടും പരിശോധന നടത്തണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. വിമാനത്തിൽ കയറുന്നതിനു മുൻപും യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കണം. കൊറോണ ഫലം നെഗറ്റീവ് ആയവരുടെ വിശദാംശങ്ങൾ അതാത് സംസ്ഥാനങ്ങൾക്ക് കൈമാറണം. നവംബർ 25 നും ഡിസംബർ എട്ടിനും ഇടയിൽ ബ്രിട്ടണിൽ നിന്നും രാജ്യത്തെത്തിയവർ ആരോഗ്യനില സ്വയം നിരീക്ഷിക്കണം.
ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. യുകെയിൽ കൊറോണയുടെ പുതിയ സ്ട്രെയ്ൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. നിലവിലുള്ള വൈറസിനേക്കാൾ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. കാനഡ, ജർമനി, ഫ്രാൻസ്, നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും യുകെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.