
മനാമ: ബഹ്റൈനില്‍ സി.ഇ.എം. മിഡില്‍ ഈസ്റ്റ് സമ്മേളനവും എമിഷന്‍സ് ആന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗിന്റെ പ്രദര്‍ശനവും (സി.ഇ.എം. 2025) തുടങ്ങി. എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഈ സമ്മേളനം ബഹ്റൈനാണ് ഗള്‍ഫ് മേഖലയില്‍ ആദ്യമായി സംഘടിപ്പിക്കുന്നത്.
പരിസ്ഥിതി കാര്യങ്ങളില്‍ അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകൊണ്ടാണ് ബഹ്റൈന്‍ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്ന് ദൈന പറഞ്ഞു. വായു ഗുണനിലവാരത്തില്‍ അറിവ് പങ്കിടലിനുള്ള സഹകരണത്തിനും സുസ്ഥിരവും സന്തുലിതവുമായ പാരിസ്ഥിതിക രീതികളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വായു ബഹിര്‍ഗമനം അളക്കല്‍, വിശകലന സാങ്കേതികവിദ്യകള്‍, പരിസ്ഥിതി അനുസരണം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഏഴ് പ്രധാന സെഷനുകളിലായി ലോകമെമ്പാടുമുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന 40ലധികം പ്രബന്ധങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രായോഗിക ശില്‍പ്പശാലകള്‍ എന്നിവ സമ്മേളനത്തിലുണ്ട്.
സമ്മേളനത്തോടനുബന്ധിച്ച് മന്ത്രി അനുബന്ധ സാങ്കേതിക പ്രദര്‍ശനം സന്ദര്‍ശിച്ചു. 55 പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ എമിഷന്‍ മോണിറ്ററിംഗ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് മോണിറ്ററിംഗ് സൊല്യൂഷനുകള്‍, എമിഷന്‍ റിഡക്ഷന്‍ സാങ്കേതികവിദ്യകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
