കൊല്ലം : സി. പി ഐ (എം) കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കൽ വിപ്ലവസ്മാരക സ്ക്വയറിയിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെമിനാറും, സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിറംമാങ്ങാത്ത അധ്യായ മാണ് കടയ്ക്കൽ വിപ്ലവം, കടയ്ക്കൽ ചന്തയിലെ അന്യായ പണപിരിവിനെതിരെ സർ. സിപിയുടെ ചോറ്റ് പട്ടാളത്തോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച ബീടിവേലു, തൊട്ടുഭാഗം സദാനന്ദൻ,ചന്തവിള ഗംഗാധരൻ, പുത്തൻവീട്ടിൽ നാരായണൻ, പറയാട് വാസു അടക്കമുള്ള വിപ്ലവ നായകരുടെ മണ്ണാണ് കടയ്ക്കൽ.
ഒരുകാലത്ത് തെക്കൻ കേരളത്തിലെ പ്രധാന നാണ്യ വിള കേന്ദ്രം കടയ്ക്കലായിരുന്നു, ഏറ്റവും പ്രധാനപ്പെട്ട കാർഷിക വിപണന കേന്ദ്രം കൂടിയായിരുന്നു കടയ്ക്കൽ ചന്ത.
1938 സെപ്റ്റംബർ 26 ന് കടയ്ക്കൽ ആൽത്തറമൂട്ടിൽ ചേര്ന്ന തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗമാണ് കടയ്ക്കല് പ്രക്ഷോഭത്തിന് തിരിയിട്ടത്. അനുവദിച്ചതിലും പതിന്മടങ്ങ് കരം പിരിക്കുന്നവര്ക്കെതിരെയും അവർക്ക് പിന്തുണ നൽകുന്ന പൊലീസുകാര്ക്കെതിരെയുമായിരുന്നു പ്രക്ഷോഭം.
1114 കന്നി 13 ന് പൊലീസ് സ്റ്റേഷന് തകര്ത്തായിരുന്നു ജനകീയപ്രതിരോധം അവസാനിച്ചത്. തുടർന്ന് ഒരു രാജ്യമായി കടയ്ക്കലിനെ പ്രഖ്യാപിച്ചു. കടയ്ക്കൽ സ്റ്റാലിൻ എന്നറിയപ്പെടുന്ന ഫ്രാങ്കോ രാഘവൻ പിള്ള രാജാവായും, ചന്തിരൻ കാളിയാമ്പി മന്ത്രിയായി ഒരു ജനകീയ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. അത് ചരിത്രം.
കടയ്ക്കൽ വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്ലവ സ്മാരകം ഇവിടെ തല ഉയർത്തി നിൽക്കുന്നു. കനൽ കേടാത്ത പോരാട്ടവീര്യവുമായി പുതു തലമുറയ്ക്ക് ആവേശമാണ് ഈ സ്മാരകം.
കടയ്ക്കൽ വിപ്ലവ സ്മാരക സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങിൽ വിപ്ലവസ്മാരക സംരക്ഷണ സമിതി കൺവീനർ എസ് വിക്രമൻ അധ്യക്ഷനായിരുന്നു, വിപ്ലവ സ്മാരകത്തിൽ ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.
ചടങ്ങിൽ സി.പി.ഐ.എം ഏരിയ സെക്രട്ടറി എം നസീർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും തൊഴിലാളി കർഷക ബഹുജന പോരാട്ടങ്ങളും ” എന്ന വിഷയത്തിൽ നടന്ന സെമിനാർ സി പി ഐ എം കേന്ദ്ര കമ്മിറ്റിഅംഗവും ധനകാര്യ മന്ത്രിയുമായ കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും നിറം മാങ്ങാത്ത അധ്യായമായി കടയ്ക്കൽ വിപ്ലവം ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സി. പി. ഐ (എം) ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, കടയ്ക്കൽ വിപ്ലവ ചരിത്രകാരൻ കടയ്ക്കൽ ഗോപിനാഥ പിള്ള എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്കുമാർ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ. മധു, ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത് വി സുബ്ബലാൽ, കരകുളം ബാബു,സ്വാതന്ത്ര്യ സമര സേനാനി കുടുംബാംഗങ്ങൾ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.
സെമിനാറിന് ശേഷം കടയ്ക്കൽ വിപ്ലവത്തിൽ ജീവൻ വെടിഞ്ഞ രക്തസാക്ഷി കുടുംബങ്ങൾ, സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങങ്ങൾ എന്നിവരെ മന്ത്രി ബാലഗോപാൽ ആദരിച്ചു.
കടയ്ക്കൽ രാജാവായിരുന്ന ഫ്രാങ്കോ രാഘവൻ പിള്ളയുടെ ചെറുമകൻ ആർ. ശ്രീകുമാർ,കടയ്ക്കൽ മന്ത്രിയായിരുന്ന ചന്തിരൻ കാളിയമ്പിയുടെ മകൾ മീനാക്ഷി എന്നിവർ ആദരം ഏറ്റുവാങ്ങി.
കടയ്ക്കൽ വിപ്ലവത്തിൽ രക്തസാക്ഷികളായ തൊട്ടുംഭാഗം സദാനന്ദന്റെ മകൻ ശിശുപാലൻ,ചന്ദവിള ഗംഗാധരന്റെ മകൾ ശാന്ത,പുത്തൻ വീട്ടിൽ നാരായണന്റെ ചെറുമകൾ രാധാമണി,പറയാട്ട് വാസുവിന്റെ ചെറുമകൻ ബാലചന്ദ്രൻ എന്നിവർ ആദരം ഏറ്റുവാങ്ങി.
കുട്ടി വാസുവിന്റെ മകൾ ബേബി ലതിക,ചാരുംമ്മൂട്ടിൽ നാരായണന്റെ മകൻ പ്രഭാകരൻ വൈദ്യന്റെ ഭാര്യ ദാക്ഷായണി,കൂനാം കുനിച്ചിയിൽ കുഞ്ഞ്ശങ്കരന്റെ മകൻ കെ.രവീന്ദ്രൻ, കേശവൻ വൈദ്യന്റെ മകൾ ലീല,പാലവിള സുകുമാരന്റെ മകൻ സുദർശനൻ,മാധവൻ പിള്ളയുടെ മകൻ കൃഷ്ണൻ കുട്ടി,കൊച്ചുവിള കേശവന്റെ മകൻ ദാസ്,കമ്പനിമല വിശ്വനാഥന്റെ ചെറുമകൻ ജയചന്ദ്രൻ,ഉമ്മിണി ഗോപാലന്റെ മകൾ ലളിത,മേടയിൽ സദാനന്ദന്റെ മകൻ ശശിധരൻ,വെള്ളംകുടി ഗോവിന്ദന്റെ മകൾ കമലമ്മ,മറാംകുഴി പരമുവിന്റെ മകൾ കൃഷ്ണവേണി, മാർത്താണ്ടൻ കാര്യത്തിന്റെ മകൻ സുധീന്ദ്രൻ,അച്ചുദൻ വൈദ്യന്റെ മകൻ രാധാകൃഷ്ണൻ,തെ ങ്ങുവിള ഭാസ്ക്കരന്റെ മകൻ വിവേകാനന്ദൻ, വാച്ചീക്കോണം മാധവൻ കുട്ടിയുടെ മകൾ ശ്യാമള, പുളിക്കൂട്ടിൽ പരമുവിന്റെ മകൻ മോഹനൻ,വേടൻ വിളയിൽ രാമൻകുട്ടിയുടെ മകൾ ഗീത, പപ്പു കുഞ്ഞന്റെ മകൾ ലീല എന്നിവരും മന്ത്രിയിൽ നിന്നും ആദരം ഏറ്റുവാങ്ങി.വി. സുബ്ബലാൽ കൃതജ്ഞത പറഞ്ഞു.
റിപ്പോർട്ട്: സുജീഷ്ലാൽ കൊല്ലം