മനാമ: ബഹ്റൈനിലെ വ്യാപാര സ്ഥാപനങ്ങളിൽ സുരക്ഷാ സി.സി.ടി.വി നിരീക്ഷണ കാമറ നിർബന്ധമായും സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. 24 മണിക്കൂറും സി.സി. ടി.വികൾ പ്രവർത്തിപ്പിക്കണമെന്നും നിരീക്ഷണ കാമറകൾ കൃത്യമായി പരിപാലിക്കാനും അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിനായി 120 ദിവസത്തിൽ കുറയാത്ത സ്റ്റോറേജ് മെമ്മറിയും ഒരു കൺട്രോൾ റൂമും ഉണ്ടായിരിക്കണം.
സി.സി.ടി.വികൾ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിന്റെ പരിശോധനാ വിഭാഗം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകളും ആരംഭിച്ചു. മിക്ക കടകളിലും സി.സി.ടി.വികൾ ശരിയായ വിധത്തിൽ സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. നിയമം പാലിക്കാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം എല്ലാ കടയുടമകളും സി.സി.ടി.വികൾ ശരിയായ വിധത്തിൽ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കിടപ്പുമുറി, ഫിസിയോതെറാപ്പി റൂമുകൾ, ടോയ്ലറ്റുകൾ, വസ്ത്രം മാറ്റുന്ന മുറികൾ, സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവയിൽ ക്യാമറ സ്ഥാപിക്കുന്നത് നിയമം വിലക്കുന്നു. മുൻകൂർ അനുമതിയില്ലാതെ ഉടമകളോ മറ്റേതെങ്കിലും സ്ഥാപനമോ റെക്കോർഡിംഗുകൾ കൈമാറുകയോ സംഭരിക്കുകയോ അയയ്ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമം വിലക്കുന്നു. വാണിജ്യ രജിസ്ട്രേഷൻ നൽകുമ്പോഴോ പുതുക്കുമ്പോഴോ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ നേരത്തെ ഓർഗനൈസേഷനുകളെ ആഭ്യന്തര മന്ത്രാലയം നിർബന്ധിക്കുന്നുണ്ട്.