മനാമ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ (സി.ബി.ബി) ഉന്നത തസ്തികകളിലേക്ക് ഏഴു സ്ത്രീകള്‍ക്ക് സ്ഥാനക്കയറ്റം നല്കി. ഇതോടെ ബാങ്കിന്റെ എക്സിക്യൂട്ടീവ് തസ്തികകളില്‍ വനിതകളുടെ എണ്ണം പുരുഷന്മാരേക്കാള് അധികമായി.
ഇവരടക്കം മൊത്തം 13 പേര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. സ്ഥാനക്കയറ്റങ്ങള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളില്‍ വനിതാ പ്രാധിനിധ്യം കുറവാണ്. ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമായ ഈ നിയമനം.
ലിക്വിഡിറ്റിയും സോവറിന്‍ ക്രെഡിറ്റും കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന മോണിറ്ററി ഓപ്പറേഷന്‍സ് ആന്റ് ഗവണ്മെന്റ് ഡെബ്റ്റ് മാനേജ്മെന്റ് ഡയരക്ടറേറ്റിന്റെ മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയത് അഫാഫ് ഖലീഫ ഖല്‍ഫാനാണ്. ഫാത്തിമ ഹസന് അക്തര്സാദ (ലൈസന്‍സിംഗ് ആന്റ് റെഗുലേറ്ററി വിഭാഗം), സാറ ഖാലിദ് ഖ്വായിദ് (ആന്റി ഫിനാന്‍ഷ്യല്‍ ക്രൈം ഡയറക്ടറേറ്റ്) തുടങ്ങിയ വനിതകളാണ് മറ്റുള്ളവര്‍.
രാജ്യത്തെ പ്രതിഭകളെയും സ്ഥാപനത്തിന്റെ ശേഷിയെയും ശാക്തീകരിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമാണിതെന്ന് സി.ബി.ബി. ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ പറഞ്ഞു.
