കണ്ണൂര്‍: ജാതിവിവേചനം ആരോപിച്ച് വര്‍ഷങ്ങളായി സിപിഎമ്മുമായി തര്‍ക്കം തുടരുന്ന ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീവച്ച് നശിപ്പിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തി നശിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പൊലീസാണ് തീ കെടുത്തിയത്.
പുതുതായി നിര്‍മിച്ച വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വര്‍ഷങ്ങളായി സിപിഎമ്മുമായി തര്‍ക്കത്തില്‍ തുടരുകയാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്. പയ്യന്നൂര്‍ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചര്‍ച്ചയാവുന്നത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതുള്‍പ്പെടെ വിവാദങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. ഏതാനും വര്‍ഷം മുന്‍പാണ് എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലേക്ക് താമസം മാറിയത്.