മുംബൈ: ബിഗ് ബോസ് ഹിന്ദി സീസൺ 16-ൽ ഉണ്ടായ ജാതീയമായ അധിക്ഷേപങ്ങൾക്ക് നടപടി നേരിടേണ്ടി വരും. ഷോയ്ക്കിടെ മത്സരാർത്ഥികളിൽ ഒരാൾ മറ്റൊരു മത്സരാർത്ഥിയെ അപമാനിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. ബുധനാഴ്ചത്തെ എപ്പിസോഡിലാണ് സംഭവം നടന്നത്. മത്സരാർത്ഥിയായ വികാസ് മണക്തലയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ആവശ്യപ്പെട്ടതായാണ് വിവരം.
ബുധനാഴ്ചത്തെ എപ്പിസോഡിൽ സഹമത്സരാർത്ഥിയായ അർച്ചന ഗൗതമിനെതിരെ വികാസ് മണക്തല ജാതീയ പരാമർശം നടത്തിയെന്നാണ് ആരോപണം. മഹാരാഷ്ട്ര സർക്കാർ, സംസ്ഥാന പോലീസ്, പ്രക്ഷേപണ മന്ത്രാലയം, ഷോ പ്രൊഡ്യൂസര്‍മാരായ എന്റമോൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കളേര്‍സ് ടിവി എന്നിവർക്കാണ് എൻസിഎസ്സി നോട്ടീസ് നൽകിയിരിക്കുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് അർച്ചന ഗൗതം പരാജയപ്പെട്ടിരുന്നു. പരിപാടിയിൽ നടത്തിയ പരാമർശം ഇന്ത്യൻ പീനൽ കോഡ്, എസ്സി/എസ്ടി ആക്ട് എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 338 പ്രകാരം കമ്മീഷന്റെ അധികാരങ്ങൾ വിനിയോഗിച്ച് അന്വേഷിക്കുമെന്നും നോട്ടീസിൽ പറയുന്നു. വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഏഴ് ദിവസത്തിനകം അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.