മനാമ: വ്യക്തികളെ കടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കായി രണ്ട് ക്രിമിനൽ കോടതികൾ അനുവദിക്കാൻ തീരുമാനമായി. കാസേഷൻ കോടതി പ്രസിഡന്റും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ അബ്ദുള്ള ബിൻ ഹസ്സൻ അൽ ബുഐനൈൻ ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്.
വ്യക്തികളെ കടത്തുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഒന്നാം ഹൈക്രിമിനൽ കോടതിയും സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നാലാം ഹൈക്രിമിനൽ കോടതിയും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നാണെന്ന് അൽ ബുഐനൈൻ പറഞ്ഞു. അത് രാജ്യത്തെ വികസന പദ്ധതികൾക്ക് ഭീഷണിയാണ്. മാത്രമല്ല എല്ലാ തലങ്ങളിലും സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.