
കോഴിക്കോട്: ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണമെന്ന് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ വ്യാജ കേസ് നല്കിയ നടിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്ന് നടി അറിയണം. കേസുമായി ഏതറ്റം വരെയും പോകും. തനിക്കു വേണ്ടി താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. നടി നല്കിയ പുതിയ പരാതിയിലാണ് ബി.എന്‍.എസ്. 79, ഐ.ടി. ആക്ട് 67 പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ നടി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല.
പോലീസ് കഴമ്പില്ലെന്നു പറഞ്ഞ കാര്യത്തിലാണ് കേസെടുത്തതെന്ന് രാഹുല്‍ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുകയാണ്. പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്നാണ് ചിലര്‍ കരുതുന്നത്. നടിയോട് ബഹുമാനപൂര്‍വമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മീഷന് വേണം.
നടന് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വന്നത് വ്യാജ പോക്സോ കേസാണ്. ഒരു പുരുഷന് താന്‍ നിരപരാധിയാണെന്നു പറയാന്‍ പോലും ധൈര്യമില്ലാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തിയില്ല.
