തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. കേസിൽ പ്രതികളായ രണ്ട് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നിവർക്കെതിരെ റൂറൽ എസ്.പി ഡി ശിൽപ്പയാണ് നടപടി സ്വീകരിച്ചത്. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് ഇവർ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ വിനീതും കിരണും സസ്പെൻഷനിലായിരുന്നു. ഇരുവരും ചേർന്ന് നടത്തിയിരുന്ന ടൈൽസ് കട നഷ്ടത്തിലായതിനാൽ പണത്തിന് വേണ്ടിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കിരണിന്റെ കാറാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കെന്ന പേരിലാണ് പൊലീസ് വേഷത്തിലെത്തിയ പ്രതികള് ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു. എന്നാൽ മുജീബ് ബഹളം വെച്ചതോടെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്. പൊലീസ് വേഷത്തിലെത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് മുജീബ് പൊലീസിന് മൊഴി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ചിരുന്നത് പൊലീസുകാരനായ കിരണിന്റെ കാറാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിനീതാണ് തന്റെ വാഹനം ഉപയോഗിച്ച് വന്നിരുന്നത് എന്നായിരുന്നു കിരൺ അറിയിച്ചത്. പിന്നാലെ തന്നെ വിനീതും സുഹൃത്തായ അരുണും പിടിയിലായി. ഇവർ തട്ടിപ്പിന് ഉപയോഗിച്ച പൊലീസ് വേഷവും കൈവിലങ്ങും അടക്കം പൊലീസ് കണ്ടെടുത്തിരുന്നു.