ന്യൂഡൽഹി∙ രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസാണ് കേസെടുത്തത്.
ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ബിജെപിയോടും ആർഎസ്എസിനോടും രാജ്യത്തോടും തന്നെ നമ്മൾ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. കോൺഗ്രസ് പാർട്ടിയുടെ പുതിയ ആസ്ഥാനം ഡൽഹിയിലെ കോട്ല റോഡില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം.
മോൻജിത് ചേതിയ എന്നയാളുടെ പരാതിയുടെ അടിസ്ഥനത്തിലാണ് കേസ്. രാഹുൽ ഗാന്ധിയുടെ പരാമർശം അഭിപ്രായസ്വാതന്ത്രത്തിന്റെ സീമകൾ ലംഘിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കിയെന്ന ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.