വംശീയ വിവേചനം നടത്തിയെന്നാരോപിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരെ പരാതി നല്കി മൂന്ന് കറുത്ത വംശജര്‍. ശരീര ദുര്ഗന്ധമാരോപിച്ച് തങ്ങളെയും മറ്റ് അഞ്ച് കറുത്ത വംശജരായ യാത്രക്കാരെയും വിമാനത്തില്‍ നിന്നിറക്കിവിട്ടുവെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ജനുവരി 5ന് ഫീനിക്സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ വെച്ചാണ് തങ്ങള്‍ക്ക് ഈ ദുരനുഭവമുണ്ടായതെന്നും പരാതിക്കാര്‍ പറഞ്ഞു. മുന്‍പരിചയമില്ലാത്ത ഈ മൂന്ന് കറുത്ത വംശജരും വിമാനത്തില്‍ വെവ്വേറെ സീറ്റുകളിലാണ് ഇരുന്നിരുന്നത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഒരു ജീവനക്കാരന് ഇവര്‍ ഓരോരുത്തരേയും സമീപിച്ചു. വിമാനത്തില്‍ നിന്നിറങ്ങണമെന്നാണ് ജീവനക്കാരന് ഇവരോട് ആവശ്യപ്പെട്ടത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വരുന്നുണ്ടെന്നുള്ള ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് ഇവര്‍ക്ക് ലഭിച്ച മറുപടി. വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് കറുത്ത വംശജരായ യാത്രക്കാരോടും വിമാനത്തില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ന്നാണ് എയര്‍ലൈനിന്റെ നടപടി വംശീയ വിവേചനമാണെന്ന് ആരോപിച്ച് ഇവര്‍ കോടതിയെ സമീപിച്ചത്. ടിക്കറ്റ് റീബുക്ക് ചെയ്ത് മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യണമെന്ന് ജീവനക്കാര്‍ ഇവരോട് പറഞ്ഞു. എന്നാല്‍ ഈ ഫ്ളൈറ്റിന് ശേഷം ന്യൂയോര്‍ക്കിലേക്ക് മറ്റ് വിമാനങ്ങളൊന്നും തന്നെയില്ലെന്ന് മനസിലായതോടെയാണ് ഇവരെ വീണ്ടും വിമാനത്തില്‍ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായത്. എന്നാല്‍ ജീവനക്കാരുടെ നടപടിയില്‍ തങ്ങള്‍ അപമാനിതരായെന്ന് ആരോപിച്ചാണ് പരാതിയുമായി കോടതിയെ സമീപിക്കാന്‍ മൂന്ന് കറുത്ത വംശജര്‍ തീരുമാനിച്ചത്.
കറുത്ത വംശജരായ തങ്ങളില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് സ്ഥിരീകരിക്കുന്ന യാതൊരു തെളിവുമില്ലായിരുന്നെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ശരീര ദുര്‍ഗന്ധമുള്ള വ്യക്തിയെപ്പറ്റി എയര്‍ലൈന്‍സിന് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതേപ്പറ്റി അന്വേഷണം നടത്തി പരിശോധിക്കുകയായിരുന്നു വേണ്ടത്. അതിന് പകരം കറുത്ത വംശജരായ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയല്ല വേണ്ടത് എന്ന് പരാതിക്കാരുടെ അഭിഭാഷക സൂസന് ഹുഹ്ത പറഞ്ഞു.