മനാമ: അഭിരുചിയുള്ള കുട്ടികൾക്ക് ഹൈസ്കൂൾ തലം മുതൽ തന്നെ ഐഎഎസ് പരിശീലനം നൽകുന്നത് രാഷ്ട്ര ഭാവി മാറ്റുന്ന മികച്ച ഉദ്യോഗാർത്ഥികളെ സൃഷ്ഠിക്കാൻ വഴി ഒരുക്കുമെന്ന് ഡോ:അബൂബക്കർ സിദ്ധീഖ് ഐഎഎസ് .
വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ചെറു പ്രായത്തിൽ തന്നെ വ്യക്തിത്വ വികസനം , നേതൃത്ത പരിശീലനം തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കപ്പെടണം. സിലബസ് മനസിലാക്കി സമയ ബന്ധിതവും ഘടനാ പരവുമായ പരിശീലനം പിന്നീട് നൽകിയാൽ ഐ എ എസ് പരീക്ഷ ഏറെ എളുപ്പമാക്കാം. 8-12 ക്ളാസ്സുകളിലെ ശാസ്ത്ര പാഠങ്ങൾ ആശയങ്ങൾക്കും സൂത്ര വാക്യങ്ങൾക്കും പകരം പ്രായോഗികമായി പഠിക്കുന്നത് പരീക്ഷകളിൽ ഉറപ്പായും സഹായിക്കും.
പരന്ന വായനയും ആനുകാലിക വാർത്തകളെ സൂക്ഷമായി വിലയിരുത്തുന്നതും ആയിരിക്കും ഐ എ എസ് പരിശീലനത്തിന്റെ ഏറ്റവും മുഖ്യ തയ്യാറെടുപ്പ്.അറിവുകൾക്ക് ഇന്റർനെറ്റിനെ എപ്പോഴും ആശ്രയിക്കുന്നത് വായന ശീലത്തെ ദോഷമായി ബാധിക്കുന്നുണ്ട്. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ബോധമണ്ഡലം ഇന്റർനെറ്റ് സെർച്ചുകളിലൂടെ ലഭ്യമാകുന്നില്ല. നാം പരതുന്ന വിഷയം മാത്രമാണ് ഗൂഗിൾ ഉത്തരം നൽകുക.അത് വഴി അറിവ് പരിമിതപ്പെട്ടേക്കും.
വിദ്യാത്ഥികൾ അവർക്കു പ്രണയം തോന്നുന്ന വിഷയങ്ങൾ മാത്രമേ ഭാവിയിൽ ഐച്ഛിക വിഷയമായി ഐഎഎസ്സിന് തിരഞ്ഞെടുക്കാവൂ എന്ന് ഡോ:അബൂബക്കർ സിദ്ധീഖ് ഉൽബോധിപ്പിച്ചു. ഇഷ്ട വിഷയം ആസ്വദിച്ചു പഠിക്കുന്നവർ സമൂഹത്തിനു തന്നെ ഭാവിയിൽ മുതൽ കൂട്ടാവും. ഐ എ എസ് വിജയിക്കേണ്ടതിനുള്ള അക്കാഡമിക്കൽ കഴിവുകളെ കുറിച്ച് സമൂഹ സങ്കല്പങ്ങൾ ഇനിയും മാറ്റപ്പെടാനുണ്ടെന്നും അദ്ദേഹം അനുഭവ സഹിതം വിലയിരുത്തി.
ജാർഖണ്ഡ് സർക്കാർ മൃഗ-കൃഷി പരിപാലന സെക്രട്ടറി ആയ ഡോ :അബൂബക്കർ സിദ്ധീക് കരിയർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കരിയർ ആൻഡ് ലേർണിംഗ് വിഭാഗത്തിന്റെ പ്രഥമ വെബ്ബിനാറിൽ “ഐഎഎസിലേക്കുള്ള വഴികൾ ” എന്ന വിഷയത്തിൽ ക്ളാസ്സെടുക്കുകയിയിരുന്നു . സാമൂഹ്യ പ്രവർത്തക ഷെമിലി പി ജോൺ ഉൽഘടനം ചെയ്തു. യൂനുസ് രാജ് മോഡറേറ്ററും ഷിബു പത്തനംതിട്ട അധ്യക്ഷനുമായിരുന്നു. സിജി ബഹ്റൈൻ ചീഫ് കോ-ഓർഡിനേറ്റർ മൻസൂർ പി.വി സ്വാഗതവും കരിയർ ആൻഡ് ലേർണിംഗ് വിഭാഗം കോഓർഡിനേറ്റർ നിസാർ കൊല്ലം നന്ദിയും പറഞ്ഞു. ഷാനവാസ് സൂപ്പി,യൂസഫ് അലി, ധൻജീബ് അബ്ദുൽ സലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.