ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ (കാരബാവോ കപ്പ്) ഫൈനലിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ഫൈനൽ.
2016-17 സീസണിന് ശേഷം ഒരു കപ്പും നേടിയിട്ടില്ലാത്ത യുണൈറ്റഡിന് കിരീട വരൾച്ച അവസാനിപ്പിക്കാനുള്ള സുവർണ്ണാവസരമാണിത്. ആ സീസണിൽ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം യുണൈറ്റഡിന് മറ്റൊരു കിരീടം അവകാശപ്പെടാനില്ല. കോച്ച് എറിക് ടെൻ ഹാഗിന്റെ കീഴിൽ ഉയർന്നുവന്ന ടീം ആറ് വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജയിച്ചാൽ യുണൈറ്റഡ് അവരുടെ ആറാം ലീഗ് കപ്പ് കിരീടം നേടും.
ക്ലബ് ഉടമകൾ മാറിയ ശേഷം നന്നായി കളിക്കുന്ന ന്യൂകാസിലിന് കിരീടം നേടിയാൽ അത് ചരിത്രപരമായ നേട്ടമായിരിക്കും. ഇതുവരെ ലീഗ് കപ്പ് നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 1975-76 ൽ റണ്ണറപ്പായതാണ് വലിയ നേട്ടം. സെമി ഫൈനലിൽ സതാംപ്ടണെ തോൽപ്പിച്ചാണ് ന്യൂകാസിൽ ഫൈനലിൽ എത്തിയത്. അടുത്ത കാലത്തായി അവർ പ്രധാന കിരീടങ്ങളൊന്നും നേടിയിട്ടില്ല.