മനാമ: ബഹ്റൈന്റെ 49- ആം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ക്യാപിറ്റൽ ഗവർണറേറ്റ്. ഡിസംബർ 16, 17 തീയതികളിലാണ് ബഹ്റൈൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്. ഈ വേളയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡിസംബർ മാസത്തിൽ നടത്തുന്ന പരിപാടികളും മത്സരങ്ങളും പ്രഖ്യാപിച്ചു. കല, പാരമ്പര്യ, സാംസ്കാരിക, കായിക പരിപാടികളാണ് സംഘടിപ്പിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ നടത്തുകയെന്ന് ക്യാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫ പറഞ്ഞു.
ഡിസംബർ 14 ന് സീഫ് മാളിൽ തടിയിൽ തീർത്ത ശിൽപങ്ങളുടെ പ്രദർശനം നടക്കും. ഡിസംബർ 18 ന് നോർത്തേൺ ഗവർണറേറ്റുമായി ചേർന്ന് സൈക്കിൾ മാർച്ച് സംഘടിപ്പിക്കും. 27ന് “മനാമയുടെ ചരിത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കും. പൗരത്വത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും മനോഹരമായി അലങ്കരിച്ച സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾക്ക് സമ്മാനം നൽകുമെന്നും ക്യാപിറ്റൽ ഗവർണറേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ ദേശസ്നേഹ ഗാനങ്ങൾ ക്യാപിറ്റൽ ഗവർണറേറ്റ് പുറത്തിറക്കും. കൂടാതെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ 3 വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. പ്രതിവാര സാംസ്കാരിക മത്സരവും “ദേശീയ അവധിദിനങ്ങൾ നമ്മെ ഒരുമിപ്പിക്കുന്നു” എന്ന പ്രമേയത്തിൽ ചിത്രരചനാ മത്സരവുമാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്.
ദേശീയ ദിനങ്ങളിലെ സന്തോഷകരമായ ആഘോഷത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും മനോഹരമായ അഞ്ച് ഫോട്ടോകൾക്ക് സമ്മാനം നൽകും. മത്സര വിജയികൾക്ക് വിലയേറിയ സമ്മാനങ്ങളാണ് നൽകുക. വിവിധ സർക്കാർ അതോറിറ്റികൾ, മന്ത്രാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പരിപാടി വിജയിപ്പിക്കുന്നതിന് ഉള്ള പദ്ധതികൾ തയാറാക്കിയിട്ടുള്ളത്.