തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്കെന്നും, ഇനിയും കുറയ്ക്കാനാവില്ലെന്നും അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കെ.സി.എ ഭാരവാഹികൾ.
കെ.സി.എയ്ക്കെതിരെ മന്ത്രി ഉന്നയിച്ച ആരോപണങ്ങൾ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതിനാലാകാമെന്നും അദ്ദേഹവുമായി തർക്കമില്ലെന്നും പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി എസ് വിനോദ് കുമാറും പറഞ്ഞു. സ്വന്തം സ്റ്റേഡിയമല്ലാത്തതിനാൽ മത്സരം നടത്താൻ വലിയ ചെലവുണ്ട്. ഏകദിനമായിട്ടും സെപ്റ്റംബറിൽ നടന്ന ടി20 മത്സരത്തേക്കാൾ ഇത്തവണ ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. പരമ്പരയിലെ ആദ്യ മത്സരങ്ങൾ നടന്ന ഗുവാഹത്തിയിലേയും കൊൽക്കത്തയിലേയും ടിക്കറ്റ് നിരക്കിനേക്കാൾ കുറവാണ് തിരുവനന്തപുരത്തെ ടിക്കറ്റ് നിരക്ക്.
ക്രിക്കറ്റിനും സ്റ്റേഡിയത്തിനും വേണ്ടി കെ.സി.എ ഒന്നും ചെയ്യുന്നില്ലെന്ന കായിക മന്ത്രിയുടെ പ്രസ്താവന ശരിയല്ല. എന്താണ് ചെയ്യുന്നതെന്ന് അദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ബിസിസിഐയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. വിവാദങ്ങൾ ടിക്കറ്റ് വിൽപ്പനയിലെ ഇടിവിന് കാരണമായെന്നും ഭാരവാഹികൾ പറഞ്ഞു.