തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരിൽ നിന്നും വായ്പയുടെ ഇഎംഐ പിടിച്ച ഗ്രാമീണ്‍ ബാങ്കിന്റെ നടപടി ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും പിടിച്ച പണം ഗ്രാമീണ്‍ ബാങ്ക് തിരികെ കൊടുക്കണമെന്നും ബാങ്കിങ് രംഗത്തെ വിദഗ്ധനും മുൻ എസ്ബിഐ ചീഫ് ജനറല്‍ മാനേജറുമായ എസ് ആദി കേശവൻ പറഞ്ഞു. ഒരു വഴിയുമില്ലാത്തവര്‍ക്ക് വരുന്ന സഹായധനത്തില്‍ നിന്ന് പണം പിടിക്കുകയെന്നത് ഒരു രീതിയിലും ന്യായീകരിക്കാനാകില്ല.
നാളെയാണ് എസ്എല്‍ ബിസിയുടെ യോഗം. അതില്‍ മൊറോട്ടോറിയം പ്രാബല്യത്തിൽ വരുന്ന തീയതി തീരുമാനിക്കും. ദുരന്തം ഉണ്ടായ ദിവസം മുതല്‍ അതിനുശേഷമായിരിക്കും മോറോട്ടോറിയം പ്രാബല്യത്തില്‍ വരുക. അത്തരത്തിലുള്ള ഒരു തീരുമാനം നാളത്തെ യോഗത്തിലുണ്ടാകണം. അതിനുശേഷം പിടിച്ച തുക ബുധനാഴ്ചക്കുള്ളില്‍ തന്നെ അതിന് കഴിയണം. അത് അവര്‍ക്ക് ചെയ്യാനാകും. ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച സഹായധനത്തില്‍ നിന്നാണ് ബാങ്ക് ഇഎംഐ പിടിച്ചത്. ഒരു തരത്തിലും നീതികരിക്കാനാകുന്ന സംഭവമല്ലിതെന്നും ആദി കേശവൻ പറഞ്ഞു.
ദുരന്ത ബാധിതര്‍ക്ക് വീടു വെച്ചു നല്‍കാനുള്‍പ്പെടെ പണം കണ്ടെത്താനാകും. അതോടൊപ്പം തന്നെ വായ്പ ഏറ്റെടുക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആദി കേശവൻ പറഞ്ഞു. വീടുവെക്കാൻ എല്ലാവരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വീടു വെക്കാനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇനി അതുപോലും കിട്ടില്ലെന്ന അനുമാനത്തില്‍ 500 കുടുംബങ്ങള്‍ക്ക് വീടുവെക്കാൻ ഒരു വീടിന് 30 ലക്ഷം കണക്കാക്കിയാല്‍ ആകെ വേണ്ട തുക 150 കോടിയാണ്. ഫര്‍ണിച്ചര്‍, കിച്ചൻ ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിനായി ആകെ 25 കോടി വേണ്ടിവരും.
175 കോടിയാണ് ഇത്തരത്തില്‍ ഇതിനു മാത്രമായി വേണ്ടിവരുന്നത്. പ്രദേശത്തെ എല്ലാവരുടെയും വായ്പാ ബാധ്യതയായി 50 കോടിയോളമായിരിക്കും ഉണ്ടാകുകയെന്നാണ് അനുമാനം. മരിച്ചവരുടെ വായ്പാ ബാങ്കുകള്‍ക്ക് എഴുതിതള്ളാൻ ഒരു ബുദ്ധിമുട്ടുമില്ല. നാളത്തെ എസ് എല്‍ ബിസി യോഗത്തില്‍ പ്രമേയം പാസാക്കിയാല്‍ അത് നടപ്പാക്കാൻ എളുപ്പമാകും. ദുരന്ത ബാധിതരുടെ ആകെ ബാധ്യതയായ 50 കോടിയുടെ വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാൻ തയ്യാറായി വരണം. ഒന്നുമില്ലാത്തവര്‍ എവിടെ നിന്നാണ് ഈ തുക കണ്ടെടുക്കുക. വായ്പ ക്ലോസ് ചെയ്യാതെ കിടന്നാല്‍ സിബില്‍ സ്കോര്‍ ഉള്‍പ്പെടെ പ്രശ്നമാകുമെന്നും പിന്നീട് വായ്പ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും ആദി കേശവൻ പറഞ്ഞു.