
മുംബൈ: കാന്‍സറിനെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്ക് രാജ്യത്ത് ആറ് മാസത്തിനുള്ളില്‍ വാക്സിന് പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ് റാവു ജാദവ്. ഒന്‍പതു വയസ്സുമുതല്‍ പതിനാറ് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. വാക്സിന് ഗവേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. 30 വയസ്സിന് മുകളിലുള്ളവരെ ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയമാക്കും. രോഗനിര്‍ണയം നേരത്തെ കണ്ടെത്തുന്നതിനായി ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ ചികിത്സയ്ക്കായുള്ള മരുന്നുകള്‍ക്കുള്ള കസ്റ്റംസ് തിരുവ സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. വാക്സിന് അഞ്ചോ ആറോ മാസത്തിനുളളില്‍ ലഭ്യമാകുമെന്നും ഒമ്പത് മുതല്‍ 16വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്തനാര്‍ബുദം,ഗര്‍ഭാശയമുഖ അര്‍ബുദം, വായിലെ കാന്‍സര്‍ തുടങ്ങിയവക്കെതിരെയുള്ള വാക്സിന് ഗവേഷണമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
