കോട്ടയം: സ്ത്രീകളില്‍ സ്തനാര്‍ബുദ സാദ്ധ്യതയെക്കുറിച്ചും അതെങ്ങിനെ നേരിടണമെന്നതിനെക്കുറിച്ചും ബോധവത്കരിക്കുന്ന ‘കരുതലോടെ മുന്നോട്ട് ‘ എന്ന ഹൃസ്വ ചിത്രം നിര്‍മ്മിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍മാര്‍. ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രം പുറത്തിറക്കിയത്.
ഭയപ്പാടില്ലാതെ രോഗത്തെ സമീപിക്കേണ്ടതിനെക്കുറിച്ചു വിശദീകരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയേഷന് ഓങ്കോളജിസ്റ്റ് ഡോ. ജെനി ജോസഫാണ് . ഡോക്ടര്‍മാരായ സപ്ന സുരേന്ദ്രന്, ജൂഡിത്ത് ആരോണ്‍, ജെന്നി ജോസഫ്, സുനു ജോണ്‍, ആശ, ബുല്‍ ബുല്‍, ജ്യോലിത എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ളത്.
കാന്‍സര്‍ സ്ക്രീനിംഗിനെ കുറിച്ചും സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനെ കുറിച്ചും ചിത്രം വിശദീകരിക്കുന്നു. 40- 50 വയസ് പ്രായമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നതിനാല്‍ ഇതേക്കുറിച്ച് വ്യക്തമായ ധാരണ അനിവാര്യമാണ്. ഇതാണ് ഈ ചിത്രത്തിന് പ്രചോദനമായതെന്ന് ഡോ.ജെനി ജോസഫ് പറഞ്ഞു.