
മനാമ: എല്ലാതരം കാന്‍സറും തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ചും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ ഡയറക്ടറേറ്റുമായും ആരോഗ്യ പ്രമോഷന് ഡയറക്ടറേറ്റുമായും ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കാനും പ്രതിരോധ സംസ്കാരം ശക്തിപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും പതിവായി പരിശോധനകള്‍ക്ക് വിധേയരാകാനും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രതിരോധ സ്ക്രീനിംഗുകളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.
കാന്‍സര്‍ ബാധയും മരണനിരക്കും കുറയ്ക്കാന്‍ പ്രതിരോധവും നേരത്തെയുള്ള രോഗനിര്‍ണയവും പ്രധാനമാണെന്ന സന്ദേശം ആളുകള്‍ക്ക് നല്കി. കാന്‍സര്‍ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, അപകടസാധ്യതാ ഘടകങ്ങള്‍ കുറയ്ക്കുന്നതില്‍ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ പ്രമോഷന് ഡയറക്ടറേറ്റും ക്രോണിക് ഡിസീസ് ക്ലിനിക്കുകളും സംയുക്തമായി നടത്തിയ ഒരു പ്രഭാഷണം പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.


